ബൈഡനും നെതന്യാഹുവും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു. അടുത്തയാഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്ന നെതന്യാഹുവുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് വ്യാഴാഴ്ച അറിയിച്ചു. എന്നാല്‍ കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന ബൈഡന്റെ ആരോഗ്യ സ്ഥിതി അനുസരിച്ചായിരിക്കും കൂടിക്കാഴ്ചയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്ന നെതന്യാഹുവിനും ബൈഡനും പരസ്പരം കാണാന്‍ അവസരം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് എല്ലാ പ്രതീക്ഷകളുമുണ്ടെന്ന് കൂടിക്കാഴ്ചയെപ്പറ്റി പ്രതികരിച്ച യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, നെതന്യാഹു ബുധനാഴ്ച യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഇനിയും വരാനുണ്ടെന്നാണ് കിര്‍ബി പറഞ്ഞത്.