ദമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ സിറിയയില്‍ അധികാര കൈമാറ്റത്തിന്റെ ചലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സിറിയയുടെ ഭരണം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത് 45 കാരനായ അബു മുഹമ്മദ് അല്‍ ജുലാനിയാണ്. ആരാണ് അബു മുഹമ്മദ് അല്‍ ജുലാനി.
അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട അബു മുഹമ്മദ് അല്‍ ജുലാനി മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് മാറിയെങ്കിലും മുന്‍കാലഘട്ടങ്ങള്‍ അല്‍പ്പം ഭയം സൃഷ്ടിക്കുന്നതു തന്നെയാണ്. സിറിയ പിടിക്കാന്‍ ഐഎസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി നിയോഗിച്ച വിശ്വസ്തനാണ് ഇയാള്‍.
അമേരിക്കയും ഇസ്രയേലും ഇസ്ലാമിന്റെ ശത്രുക്കളാണെന്നാണ് പ്രഖ്യാപിച്ച സൈനിക തലവന്‍ പിന്നീട് അതേ മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ മിതവാദിയാണെന്ന പ്രതിച്ഛായ സൃഷ്ടിച്ചു. സൗദിയില്‍ ജനിച്ച ഏഴാം വയസില്‍ കുടുബത്തോടൊപ്പം സിറിയയിലേയ്ക്ക് മാറിയ അഹമ്മദ് ഹുസൈന്‍ അല്‍ ഷറാ സെപ്തംബര്‍ 11 ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായത്. 2003 മുതല്‍ 5 വര്‍ഷം ഇറാഖി ജയിലിലാണ്. 2011ല്‍ അല്‍ ഖ്വയ്ദയുടെ സിറിയന്‍ വിഭാഗം ജബത്ത് അല്‍ നുഷ്‌റ രൂപീകരിച്ച് അസദിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി.
അല്‍ നുഷ്‌റ ഐഎസില്‍ ലയിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ബാഗ്ദാദിയുമായി ഇടഞ്ഞു. പാശ്ചാത്യ ശക്തികള്‍ എല്ലാവരും തന്നെ ഐഎസിന് നേര്‍ക്ക് തിരിഞ്ഞപ്പോള്‍ സിറിയയില്‍ സ്വന്തം സാമ്രാജ്യം ഉയര്‍ത്തി കരുത്തനായി മാറുകയായിരുന്നു അല്‍ ജുലാനി. അല്‍ ഖ്വയ്ദയുമായുള്ള ബന്ധം ഭാരമാണെന്ന തിരിച്ചറിവില്‍ ഭീകര സംഘടനയുടെ പേര് ഹയാത്ത് തഹ്രിര്‍ അല്‍ ഷാം എന്ന് പേര് മാറ്റി. നീളമുള്ള വസ്ത്രവും താടിയും മാറ്റി പാശ്ചാത്യ വേഷങ്ങളില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. തുര്‍ക്കി, ഇറാഖ്, മധ്യേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ യുവാക്കളെ റിക്രൂട്ട് ചെയ്ത് സംഘടനയ്ക്ക് കരുത്ത് കൂട്ടി. പൂര്‍വകാല ബന്ധങ്ങള്‍ ഉപേക്ഷിച്ച് സിറിയന്‍ ദേശീയതയ്ക്കായി നിലകൊള്ളുന്ന തങ്ങളെ ആഭ്യന്തര ജനതയുടെ അഭിലാഷങ്ങള്‍ പരിഗണിക്കാതെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് അനുചിതമാണെന്നാണ് അല്‍ ജുലാനിയുടെ അഭിപ്രായം. സിറിയയുടെ ഭാവി ഇനി എന്തായാലും അബു മുഹമ്മദ് അല്‍ ജുലാനിയുടെ കൈകളിലാണ്.