വിവേക് രാമസ്വാമിക്ക് ശേഷം മറ്റൊരു ഇന്ത്യൻ വംശജൻ അമേരിക്കയിൽ സംസാരവിഷയമാവുകയാണ്. 24 വയസ്സുള്ള അശ്വിൻ രാമസ്വാമിയാണ് പുതിയ താരം. ജോർജിയ സംസ്ഥാനത്തെ സെനറ്റിലേക്ക് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി അശ്വിൻ മൽസരിക്കുകയാണ്. അശ്വിൻ്റെ മതാപിതാക്കൾ 1990 ൽ തമിഴ്നാട്ടിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ്. അമ്മ ചെന്നൈക്കാരി. അച്ഛൻ്റെ ദേശം കോയമ്പത്തൂർ. ഇരുവരും ഐടി പ്രഫഷണൽസാണ്.
അശ്വിന് കംപ്യൂട്ടർ സയൻസിലും നിയമത്തിലും ബിരുദമുണ്ട്. ഒരു ടെക് സ്റ്റാർട്ടപ്പ് സംരംഭകനായ അശ്വിൻ യുഎസ് ഗവൺമെൻ്റിനു വേണ്ടി സൈബർ സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്, നിലവിൽ ഒരു ടെക്നോളജി കൺസൽറ്റിംഗ് കമ്പനി നടത്തുന്നു.
“ഞാൻ ജനിച്ചതും വളർന്നതും ജോർജിയയിലാണ്. ഞാൻ ഒരു രണ്ടാം തലമുറ ഇന്ത്യൻ- അമേരിക്കനാണ്. ഒരു ഇരട്ട സഹോദരൻ കൂടിയുണ്ട്. അയാൾ എൻജിനീയറാണ്” അശ്വിൻ്റെ പ്രചാരണ വെബ്സൈറ്റ് പറയുന്നു.
“ഞാൻ (ജോർജിയ) സ്റ്റേറ്റ് സെനറ്റിലേക്ക് മത്സരിക്കുന്നത് ഞാൻ ജനിച്ചു വളർന്ന ജോർജിയ സമൂഹത്തെ സേവിക്കാനാണ്. എനിക്കു ലഭിച്ച അതേ അവസരങ്ങൾ എല്ലാവർക്കും ഉണ്ടെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിൽ എനിക്ക് പാരമ്പര്യം അവകാശപ്പെടാനൊന്നുമില്ല, പക്ഷേ എന്നേപ്പോലുള്ള യുവാക്കൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനും ചെയ്യാനും കഴിയുമെന്ന് സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’വാർത്താ ഏജൻസിയായ പിടിഐയോട് അശ്വിൻ പറഞ്ഞു.
വിവേക് രാമസ്വാമിയെ പോലെ അശ്വിനും ഹിന്ദു ആയിരിക്കുന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണ്. “ഞാൻ ഒരു ഹിന്ദുവാണ്. ഇന്ത്യൻ സംസ്‌കാരത്തിലും തത്വശാസ്ത്രത്തിലും എനിക്ക് വളരെയധികം താൽപ്പര്യമുണ്ട്, ഞാൻ കോളജിൽ സംസ്‌കൃതം പഠിച്ചു. ഉപനിഷത്തുകൾ വായിക്കാൻ വളരെയധികം ഇഷ്ടമാണ്. യോഗയും ധ്യാനവും എൻ്റെ ജീവിതത്തിൻ്റെ ഭാഗമാണ്.” അദ്ദേഹം പറഞ്ഞു.
രാമായണം, മഹാഭാരതം, ഭഗവത് ഗീത തുടങ്ങിയ ഇതിഹാസങ്ങൾ വായിച്ച് വളർന്ന അശ്വിൻ ചിന്മയ മിഷൻ ബാലവിഹാറിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഹിന്ദു തത്വശാസ്ത്രവും സംസ്കാരവും പഠിപ്പിച്ചുകൊടുത്തിരുന്നു.
ഇതുകൂടാതെ, ബുദ്ധ, ഹിന്ദു, സിഖ്, ജൈന വിദ്യാർത്ഥികൾക്കായി പ്രോഗ്രാമുകൾ നടത്തുന്ന ഒരു ഗ്രൂപ്പായ ധാർമിക് ലോ സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
യുഎസ് ക്യാപിറ്റോൾ ആക്രമണക്കേസിൽ പ്രതിയായ റിപ്പബ്ളിക്കൻ നേതാവ് ഷോൺ സ്റ്റിൽ ആണ് നിലവിലെ ജോർജിയ സെനറ്റർ.
Who is Ashwin Ramaswami the Indian-American In US Senate Race ?