വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള സൗത്ത് കരോളിനാ പ്രൈമറിയിലെ തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥി നിക്കി ഹേലിക്കെതിരേ ട്രംപ് നിര്‍ണായക വിജയം സ്വന്തമാക്കിയതിനു പിന്നാലെ നിക്കി ഹേലിയെ കളിയാക്കി ട്രംപ്. ആരാണ് നിക്കിയെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ ചോദ്യം. കാരണം വിജയത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിക്കിയുടെ പേരുപോലും പരാമര്‍ശിക്കാതെയായിരുന്നു ട്രംപിന്റെ സംസാരം. അത്രകണ്ട് നിക്കിയെ ഒഴിവാക്കിയാണ് ട്രംപിന്റെ ക്യാമ്പയിന്‍ നീങ്ങുന്നത്.
ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനുമായുള്ള മത്സരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിക്കി ഹേലിയെ അപ്രസക്തമായി കണക്കാക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയെന്ന് ഉപദേശകര്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ള അഞ്ച് റിപ്പബ്ലിക്കന്‍ നോമിനേറ്റിംഗ് മത്സരങ്ങളിലും വിജയം അനായാസം തൂത്തുവാരിയത് മുന്‍ പ്രസിഡന്റ് ട്രംപിന് അമിത ആത്മവിശ്വാസമാണ് നല്‍കുന്നത്.
മിഡ്വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, സൗത്ത്, വെസ്റ്റ് സംസ്ഥാനങ്ങളില്‍ വിജയിക്കുകയും മുന്‍ സൗത്ത് കരോലിന ഗവര്‍ണറായ ഹേലിയെ ഒഴികെയുള്ള എല്ലാ വെല്ലുവിളികളെയും പുറത്താക്കുകയും ചെയ്തായിരുന്നു ട്രംപിന്റെ പാത ഒരുങ്ങിയത്. ഇപ്പോഴിതാ ഹേലിയുടെ സ്വന്തം തട്ടകമായ സൗത്ത് കരോളിനാ പ്രൈമറിയിലെ തിരഞ്ഞെടുപ്പിലും വിജയം തനിക്കൊപ്പം നില്‍ക്കുന്നതുകണ്ട് ആസ്വദിക്കുകയാണ് ട്രംപ്.
നിക്കി ഹേലിയേയും ഭര്‍ത്താവിനെയും അടക്കം പരിഹസിച്ച് കടന്നുപോയ മുന്‍ ക്യാമ്പയിന്‍ പോലും ട്രംപിന് അനുകൂലമായി എന്ന വിലയിരുത്തലിലാണ് വിദഗ്ദ്ധരും.