പിണറായിയെ കുടുക്കിയ ആ സുബ്രഹ്മണ്യൻ ആരാണ്?

‘ദ് ഹിന്ദു’വിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിലെ മലപ്പുറത്തിനെതിരായ വിവാദ പരാമര്‍ശത്തിനൊപ്പം ഇപ്പോള്‍ ചേര്‍ത്തുവായിക്കുന്ന പേരാണ് പി. സുബ്രഹ്മണ്യന്റേത്. ആരാണ് പിണറായിയെ കുടുക്കിയ ആ സുബ്രഹ്മണ്യന്‍ ?

മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ഇടനില വഹിച്ച റിലയന്‍സ് പ്രതിനിധി ടി.ഡി. സുബ്രഹ്‌മണ്യന് സി.പി.എം. നേതാക്കളുമായി അടുത്ത ബന്ധം. ഹരിപ്പാട് മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാറിന്റെ മകനാണ് സുബുദേവ് എന്നുവിളിക്കപ്പെടുന്ന സുബ്രഹ്‌മണ്യന്‍. ദേശീയനേതൃത്വത്തിലുള്ള സി.പി.എം. നേതാക്കളുമായി ഉള്‍പ്പെടെ ഇയാള്‍ക്കുള്ള അടുപ്പമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കുവേണ്ടി പി.ആര്‍. ദൗത്യം ഏല്‍പ്പിക്കുന്നതുവരെ എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനുമായി ഏറെ സൗഹൃദമുള്ളയാളാണ് മുന്‍ എസ്.എഫ്.ഐ. നേതാവ് കൂടിയായ സുബു. അതുവഴി, മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ പി.ആര്‍. ദൗത്യത്തിന് സുബുവിനെ ചുമതലപ്പെടുത്തുകയായിരുന്നു.

മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ പിആര്‍ ഏജന്‍സിയുടെ ഇടപെടലിനെക്കാള്‍ ദുരൂഹമാണ് മുഖ്യമന്ത്രിയുടെ അഭിമുഖ വേളയിലെ സുബ്രഹ്മണ്യന്റെ സാന്നിധ്യം. അഭിമുഖത്തിനു സൗകര്യമൊരുക്കിയ പിആര്‍ ഏജന്‍സിയുടെ ഭാഗംപോലുമല്ലാതിരുന്ന ഒരാളെന്ന നിലയില്‍ സുബ്രഹ്മണ്യന്റെ സാന്നിധ്യം നിരവധി ചോദ്യങ്ങളെ നേരിടുന്നുണ്ട്. മലപ്പുറത്തെക്കുറിച്ചുള്ള വിവാദമായ പരാമര്‍ശങ്ങള്‍കൂടി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞെന്ന വിവരത്തില്‍ നിന്നും ആരുടെ നിര്‍ദേശപ്രകാരമാണ് അതുണ്ടായതെന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്.

കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയിലെത്തിയ വേളയില്‍ അവരുടെ ‘രാഷ്ട്രീയ റീബ്രാന്‍ഡിങ്’ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട വ്യക്തിയാണ് സുബ്രഹ്മണ്യന്‍. ഹരിയാനയിലെ ഒപി ജിന്‍ഡല്‍ സര്‍വകലാശാലയില്‍നിന്നു പബ്ലിക് പോളിസിയില്‍ പിജി പൂര്‍ത്തിയാക്കിയ സുബ്രഹ്മണ്യന്‍ 2018 ല്‍ ആണ് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐപാക്കില്‍ ചേര്‍ന്നത്.

സിപിഎമ്മില്‍നിന്നു പുറത്താവുകയും പിന്നീട് കോണ്‍ഗ്രസിലും തുടര്‍ന്ന് കേരള കോണ്‍ഗ്രസിലും (എം) എത്തിയ പ്രമോദ് നാരായണന്‍ എംഎല്‍എയുടെ അടുപ്പക്കാരനാണ് ഇദ്ദേഹം. തന്റെ അടുപ്പം
വ്യക്തിപരമാണെന്നും പാര്‍ട്ടിക്കുവേണ്ടി സുബ്രഹ്മണ്യന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും പ്രമോദ് നാരായണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോള്‍ സുബ്രഹ്മണ്യന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടെന്നാണ് വിവരം. എന്നാല്‍ ദ് ഹിന്ദു പ്രതിനിധിക്ക് അഭിമുഖം നല്‍കുമ്പോള്‍ യാദൃച്ഛികമായി അവിടെ എത്തിയെന്നാണു സുബ്രഹ്മണ്യന്‍ സുഹൃത്തുക്കളോടു പറയുന്നത്. അഭിമുഖത്തിനുശേഷം, മുഖ്യമന്ത്രി മുന്‍പു നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം ലഭിക്കുകയും മുഖ്യമന്ത്രിക്കൊപ്പം കേരള ഹൗസിലുണ്ടായിരുന്ന സുബ്രഹ്മണ്യന്‍ ഇക്കാര്യം എഴുതിത്തയാറാക്കി പത്രത്തിനു നല്‍കുകയുമായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 21നു മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ ഭാഗം ഇംഗ്ലിഷിലേക്കു മാറ്റിയപ്പോള്‍ പ്രയോഗം മാറിയെന്നാണ് അനൗദ്യോഗിക വിശദീകരണം. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണവും ഹവാലപ്പണവും വരുന്നുവെന്നാണു കണക്കു സൂചിപ്പിക്കുന്നതെന്നും സ്വര്‍ണം, മയക്കുമരുന്ന്, കള്ളപ്പണം എന്നിവ കടത്തുന്നതു നാടിനെതിരായ കുറ്റകൃത്യമാണ്’. എന്നുമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ പിശകുപറ്റിയെന്നാണ് പറയുന്നത്. ഇതില്‍ വിമാനത്താവളം വിട്ടുപോവുകയും ‘നാടിനെതിരായ കുറ്റകൃത്യം’ എന്നത് ‘ആന്റി സ്റ്റേറ്റ്’ അഥവാ ‘ആന്റി നേഷന്‍’ എന്നു പരിഭാഷപ്പെടുത്തുകയും ചെയ്തു എന്നും വിശദീകരണമുണ്ട്.

എന്തായാലും മുഖ്യമന്ത്രി പിആര്‍ ഏജന്‍സികളുടെ പിന്തുണ നേടിയെന്ന് സമ്മതിക്കേണ്ടതായി വരുന്നതില്‍ സിപിഐ നീരസത്തിലാണ്. പിആര്‍, കണ്‍സല്‍റ്റന്‍സി ഇടപാടുകളോട് സിപിഐക്ക് യോജിപ്പില്ല. മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് പറഞ്ഞത് മുഖ്യമന്ത്രിക്ക് അഭിമുഖം നല്‍കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം വേണ്ടെന്നായിരുന്നു. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ലെന്നും റിയാസ് പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide