ഒക്ലഹോമയിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ മോട്ടൽ മാനേജർ ഹേമന്ത് മിസ്ത്രി ആരായിരുന്നു?

ഒക്ലഹോമയിലെ മോട്ടൽ പാർക്കിങ്ങിൽ വച്ച് മുഖത്ത് അടിയേറ്റ് ഇന്ത്യക്കാരൻ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് ഇന്ത്യൻ സമൂഹം കേട്ടത്. ഗുജറാത്ത് സ്വദേശിയായ മോട്ടൽ മാനേജർ ഹേമന്ത് ശാന്തിലാൽ മിസ്ത്രി (59) ആണ് രിച്ചത്. ഹേമന്തും റിച്ചാർഡ് ലൂയിസും(41) തമ്മിൽ തർക്കമുണ്ടാകുകയും മോട്ടലിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ട ഹേമന്തിനെ ഇയാൾ അടിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ഇന്റർസ്റ്റേറ്റ് 40-നും മെറിഡിയൻ അവന്യൂവിനും സമീപമാണ് സംഭവം നടന്നത്.

പ്രാദേശിക ആശുപത്രിയിൽ വച്ചാണ് 59കാരനായ ഹേമന്ത് മിസ്ത്രി മരണത്തിനു കീഴടങ്ങിയത്. ഗുജറാത്തിലെ ബിലിമോർ സ്വദേശിയാണ് ഹേമന്ത്. ഒക്‌ലഹോമ ഇൻക് ഗുജറാത്തി സമാജിൻ്റെ സജീവ അംഗമായിരുന്നു അദ്ദേഹം. അവിടെ പലതരം സംഭാവന കാമ്പെയ്നുകൾക്ക് ഹേമന്ത് നേതൃത്വം നൽകിയിട്ടുണ്ട്.

ഹേമന്തിൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ജ്യോതി മിസ്‌ത്രി തൻ്റെ പ്രിയ സുഹൃത്തിൻ്റെ ആകസ്‌മിക മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫെയ്‌സ്ബുക്കിൽ കുറിച്ചു. “മിസ് യു ഡിയർ ഫ്രണ്ട്, ഹേമന്ത് മിസ്ത്രി.. നിങ്ങൾ എല്ലായ്‌പ്പോഴും ഒരു പ്രിയ സുഹൃത്തായിരുന്നു. എല്ലാവരെയും അതിരുകളില്ലാതെ സ്നേഹിച്ചു.”

“നിങ്ങളുടെ പെട്ടെന്നുള്ള അസാന്നിധ്യം കുടുംബത്തിലും സുഹൃത്തുക്കളിലും വലിയ വിടവാണ് അവശേഷിപ്പിച്ചത്. ഞങ്ങൾ സങ്കടത്തിൽ മുങ്ങിത്താഴുകയാണ്. നിങ്ങൾ ബാക്കിയാക്കിയ ഓർമകളിലാണ് ആശ്വാസം കണ്ടെത്തുന്നത്. രണ്ടാഴ്ച മുമ്പ് നമ്മൾ ഒരുമിച്ച് കഴിച്ച അവസാന അത്താഴ ഒരിക്കലും മറക്കില്ല. അത് വിലമതിക്കാനാകാത്തതാണ്.”

59 കാരനായ മാനേജർ ഹേമന്ത് മിസ്തിയും റിച്ചാർഡും തമ്മിൽ നടന്ന വഴക്കിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസ് കണ്ടെടുത്തതു. റിച്ചാർഡിനോട് സ്ഥലത്തു നിന്ന് പുറത്തുപോകാൻ മിസ്ത്രി ആവശ്യപ്പെട്ടതായി ദൃശ്യങ്ങളിൽ കാണാം. ഇത് പിന്നീട് നീണ്ട വാക്പോരിലേക്ക് നയിച്ചു. ഈ തർക്കത്തിനിടയിൽ ഒരു മുന്നറിയിപ്പും കൂടാതെ റിച്ചാർഡ് ഹേമന്തിനെ ഇടിക്കുകയും അദ്ദേഹം ബോധരഹിതനാകുകയും ചെയ്തു.

അടിയന്തര സേവനങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും ഹേമന്തിനെ പ്രാദേശിക ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ഞായറാഴ്ച വൈകുന്നേരം 7:40 ന് ഹേമന്ത് മിസ്തി മരണത്തിന് കീഴടങ്ങി.

പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിക്കുകയും മെറിഡിയൻ അവന്യൂവിനും തെക്കുപടിഞ്ഞാറൻ 19-ാം സ്ട്രീറ്റിനും സമീപമുള്ള മറ്റൊരു ഹോട്ടലിൽ റിച്ചാർഡിനെ കണ്ടെത്തുകയുമായിരുന്നു.