ന്യൂഡൽഹി: അഴിമതി ആരോപണങ്ങളെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ. ഇതോടെ ആം ആദ്മി പാർട്ടി (എഎപി) ആരെയായിരിക്കും ഇനി ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിക്കുക എന്ന ചോദ്യമാണ് ഉയരുന്നത്. എഎപി നേതാവ് മനീഷ് സിസോദിയ ഇന്ന് കെജ്‌രിവാളിനെ കാണുമെന്ന് വൃത്തങ്ങൾ പറയുന്നു. ഈ യോഗത്തിൽ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നേക്കും.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനൊപ്പം നവംബറിൽ ഡൽഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെജ്‌രിവാൾ ഇന്നലെ ആവശ്യപ്പെട്ടെങ്കിലും ഡൽഹിയിൽ അടുത്ത വർഷം ഫെബ്രുവരിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. മുൻ ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയയും താൻ ജനവിധി തേടുമെന്നും വീണ്ടും തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉന്നത ഓഫീസിലേക്ക് മടങ്ങൂ എന്നും പറഞ്ഞിരുന്നു. എഎപിയുടെ ഉന്നത നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നാണ് ഇതിനർത്ഥം.
അതിഷി, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്ലോട്ട്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ എന്നിവരുടെ പേരുകളാണ് കെജ്രിവാളിന്റെ പിൻഗാമിയായി പരിഗണിക്കുന്നത് എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
കെജ്രിവാളിന്റെ ഭാര്യ സുനിതയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും എംഎൽഎ അല്ലാത്തതിനാൽ സാധ്യത കുറവാണ്. ദലിത് നേതാവിനെയായിരിക്കും മുഖ്യമന്ത്രിയായി എഎപി നിയമിക്കുക എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കും മുഖ്യമന്ത്രി പദത്തിലേക്ക് സാധ്യത കൽപിക്കുന്നുണ്ട്.
ഡൽഹി സർക്കാറിന്റെ കാലാവധി 2025 ഫെബ്രുവരി 11നാണ് അവസാനിക്കുക. 2020 ഫെബ്രുവരി എട്ടിനാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പിക്ക് 70 ഉം ബി.ജെ.പിക്ക് 62ഉം സീറ്റുകളാണ് ലഭിച്ചത്.
ഇക്കുറി ബി.ജെ.പി ഭരണം പിടിക്കുന്നതിന് തടയിടാനാണ് കെജ്രിവാൾ തിരക്കിട്ട് രാജി പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലായിരുന്ന കെജ്രിവാളിന് വെള്ളിയാഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. നിരപരാധിയായിട്ടും ജയിലിൽ കിടക്കേണ്ടി വന്നു എന്ന സഹതാപ തരംഗം തിരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് എ.എ.പിയുടെ കണക്കുകൂട്ടൽ.