ഷിക്കാഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിൽ മിഷേൽ ഒബാമ, റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ അതിരൂക്ഷമായി വിമർശിച്ചു. മുൻകാലങ്ങളിൽ തന്നെയും ഭർത്താവ് ബറാക്ക് ഒബാമയെയും ലക്ഷ്യമിട്ടുള്ള ട്രംപിന്റെ സ്വഭാവത്തെയും വംശീയ ആക്രമണങ്ങളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു വിമർശനം. ട്രംപിന്റെ ‘ബ്ലാക്ക് ജോബ്’ (കറുത്ത ജോലികൾ) എന്ന പ്രചാരണതെയാണ് മിഷെൽ രൂക്ഷമായി പരിഹസിച്ചത്.
ട്രംപ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്ന അമേരിക്കൻ പ്രസിഡന്റ് പദവിയാകും അദ്ദേഹത്തിന് ‘ബ്ലാക്ക് ജോബ്’. ഇക്കാര്യം അദ്ദേഹത്തോട് ആരാണ് ഒന്ന് പറഞ്ഞ് മനസിലാക്കുകയെന്നും മിഷേൽ ചോദിച്ചു. കുടിയേറ്റക്കാർ ‘ബ്ലാക്ക് ജോബ്’ ചെയ്യുന്നവരാണെന്ന് നേരത്തേ ട്രംപ് വിമർശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മിഷേലിന്റെ വിമർശനം.
പ്രസംഗത്തിൽ ട്രംപിന്റെ വംശീയ-വിവാദ പരാമർശങ്ങൾക്കെതിരെ മിഷേൽ ആഞ്ഞടിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥിയാണ് കമല ഹാരിസ് എന്നും അവർ പറഞ്ഞു. അധികാരത്തിൽ ഇരുന്നപ്പോൾ വർഷങ്ങളോളം ജനങ്ങളെ ഭയപ്പെടുത്താൻ ട്രംപ് തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്തു. ലോകത്തെക്കുറിച്ചുള്ള പരിമിതവും ഇടുങ്ങിയതുമായ വീക്ഷണം കാരണം കറുത്തവരായ, കഠിനാധ്വാനികളും ഉയർന്ന വിദ്യാഭ്യാസമുള്ളവരുമായ രണ്ട് പേരുടെ വിജയം ട്രംപിന് ഭീഷണിയായി അനുഭവപ്പെട്ടെന്നും മിഷേൽ വിമർശിച്ചു. ബരാക് ഒബാമ പ്രസിഡന്റ് ആയതിനെ നേരത്തേ ട്രംപ് പരിഹസിച്ചിരുന്നു. എന്തായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത എന്നായിരുന്നു വിമർശനം.
അതേസമയം ഡൊമോക്രാറ്റുകൾ യഥാർത്ഥ അമേരിക്കക്കാർ അല്ലെന്ന ട്രംപിന്റെ വിമർശനത്തിനും മിഷേൽ മറുപടി നൽകി. യഥാർത്ഥ അമേരിക്കക്കാർ എന്ന് നിർവചനം ആർക്കും സ്വന്തമല്ലെന്ന് അവർ പറഞ്ഞു. എല്ലാവരും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളണമെന്നും അവർ ആവശ്യപ്പെട്ടു. ‘നോക്കൂ നിങ്ങൾ ഡെമോക്രാറ്റുകളായാലും റിപ്പബ്ലിക്കനായാലും സ്വതന്ത്രനായാലും ഇതിലൊന്നും ഉൾപ്പെടുന്നില്ലെങ്കിലും പ്രശ്നമല്ല, ഹൃദയത്തിലെ ശരിക്കൊപ്പം നിലകൊള്ളേണ്ട സമയമാണിത്. നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾക്ക് വേണ്ടി മാത്രമല്ല, മാന്യതയ്ക്കും മാനവികതയ്ക്കും അന്തസ്സിനും ജനാധിപത്യത്തിനും വേണ്ടി ഉറച്ച് നിൽക്കേണ്ട സമയമാണിത്’, അവർ പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനേയും മിഷേൽ പ്രശംസിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും യോഗ്യതയുള്ള മത്സരാർത്ഥിയാണ് കമലയെന്നായിരുന്നു മിഷേലിന്റെ വാക്കുകൾ.