കമല ഹാരിസ് അപ്രതീക്ഷിതമായി യുഎസ് പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഇന്ത്യയിൽ വലിയ സന്തോഷമായിരുന്നു. പക്ഷേ അമേരിക്കയിലെ ഇന്ത്യക്കാരിൽ പലർക്കും താൽപര്യം ട്രംപിനോടാണ്. ഐടി മേഖലയിലെ ഇന്ത്യൻ ജീവനക്കാരും ചില ഇന്ത്യൻ ബുദ്ധിജീവികളും കമലയെ പിന്തുണയ്ക്കുമ്പോൾ, അമേരിക്കയിലെ സാധാരണക്കാരും കച്ചവടക്കാരുമായ ഇന്ത്യക്കാർ ട്രംപ് ആരാധകരാണ്. അതിനു പിന്നിൽ എന്തായിരിക്കും കാരണം? ട്രംപ് കുടിയേറ്റത്തിന് അങ്ങേയറ്റം എതിരാണ്. കുടിയേറ്റക്കാർ കുറ്റവാളികളാണ് എന്ന രീതിയിലാണ് ട്രംപിന്റെ സംസാരം. എന്നിട്ടും അധികൃതവും അനധികൃതവുമായ കുടിയേറ്റം നടത്തിയ ഇന്ത്യക്കാർ എന്തുകൊണ്ടായിരിക്കും ട്രംപിനെ അനുകൂലിക്കുന്നത്.
വിലക്കയറ്റം, പണപ്പെരുപ്പം, കുടിയേറ്റം
വിലക്കയറ്റവും പണപ്പെരുപ്പവുമാണ് ഏറ്റവും വലിയ പ്രശ്നം. സാധനങ്ങൾക്ക് അമിത നികുതി നൽകേണ്ടി വരുന്നു , വീടു വാങ്ങിക്കാൻ അടക്കം ആളുകൾ ബുദ്ധിമുട്ടുകയാണ്. എന്നാണ് അമേരിക്കൻ ഇന്ത്യക്കാരുടെ പക്ഷം. ട്രംപിൻ്റെ ഭരണകാലത്ത് ഇക്കാര്യത്തിൽ വലിയ മാറ്റമുണ്ടായിരുന്നു. അമേരിക്കയിൽ മികച്ച ഒരു സാമ്പത്തിക അവസ്ഥ ട്രംപ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. വിലക്കുറവ്, നികുതി കുറവ് , മികച്ച ഭവന വായ്പ സംവിധാനം , ബിസിനസിൽ ഉയർച്ച ഇതെല്ലാമാണ് ട്രംപിൽ നിന്ന് ഇവർ പ്രതീക്ഷിക്കുന്നത്. വൻകിട കോർപറേറ്റുകൾക്കും വൻ വ്യവസായികൾക്കും നികുതിയിളവ് ഉണ്ടായിരിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് വലിയ തീരുവ ചുമത്തുമെന്നാണ് ട്രംപ് പറയുന്നത്. പക്ഷേ അത് ആത്യന്തികമായി വിലക്കയറ്റിത്തിനു വഴിവയ്ക്കുകയേ ഉള്ളു എന്നാണ് സാമ്പത്തിക വിദഗ്ധരുടെഅഭിപ്രായം. യൂറോപ്പിലേതുപോലെ ക്ഷേമരാഷ്ട്രം വിപുലീകരിക്കാനാണ് ഡെമോക്രാറ്റുകൾ ആഗ്രഹിക്കുന്നത്.
വികസനം എന്നതിന് സാധാരണക്കാർ ഒറ്റ അർഥമേ കൊടുക്കാറുള്ളു. മികച്ച ഭൌതിക സാപചര്യങ്ങളാണ് വികസം എന്നതിന്റെ തെളിവായി ആളുകൾ വിലയിരുത്തുക. വിശാലമായ നഗരങ്ങൾ, മികച്ച ഗതാഗത സംവിധാനം, തിരക്കിട്ട വ്യവസായങ്ങൾ , അങ്ങനെ കണ്ണുകൊണ്ട് കാണാൻ കഴിയുന്ന വികസനത്തെയാണ് പൊതുവെ ഇന്ത്യക്കാർക്ക് താൽപര്യം. എല്ലാവർക്കും മികച്ച ജീവിത സാഹചര്യം, മാനവശേഷി വികസനം തുടങ്ങിയ ആശയങ്ങൾക്കാണ് ഡെമോക്രാറ്റുകൾ ഊന്നൽ നൽകുന്നത്. ഒരു കെട്ടിടം പണിയുന്നപോലെ ദിവസങ്ങൾക്കൊണ്ട് സാധ്യമാവുന്ന കാര്യമല്ല ഇത്.
“ഞങ്ങൾ ആഗ്രഹിക്കുന്നത് വളരെ ഊർജസ്വലമായ ഒരു ജീവിതാവസ്ഥയാണ്. എല്ലാത്തിനും ഒരു പുരോഗതി വേണം. അതിവേഗം വളരുന്ന യുഎസ് സംസ്ഥാനങ്ങൾ – ടെക്സസ്, ഫ്ലോറിഡ, മൊണ്ടാന തുടങ്ങിയവ റിപ്പബ്ലിക്കൻമാർ ഭരിക്കുന്നു; ഡെമോക്രാറ്റുകളുടെ സംസ്ഥാനങ്ങളിലാകട്ടെ വികസനം ഏറ്റവും മന്ദഗതിയിലും സ്തംഭനാവസ്ഥയിലുമാണുള്ളത്. ” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മലയാളി വ്യവസായി പറയുന്നു.
കുടിയേറ്റക്കാരാണ് എങ്കിൽ കൂടിയും അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാർ നടത്തുന്ന കുറ്റകൃത്യങ്ങൾ കൂടിയിട്ടുണ്ടെന്ന് ഇവരിൽ പലരും പറയുന്നു. ലഹരി – മനുഷ്യക്കടത്ത് മാഫിയ അമേരിക്കൻ സാമൂഹികാവസ്ഥയ്ക്ക് വലിയ ഉപദ്രവമുണ്ടാക്കുന്നു എന്ന് ഇന്ത്യൻ സമൂഹം കരുതുന്നു.
യുഎസിലെ ഡിപ്ലോമ ഡിവൈഡ്
ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഡിപ്ലോമ ഡിവൈഡാണ്. യുഎസിലെ വിദ്യാസമ്പന്നരായ ഒരു ഉപരി വർഗവും കോളജ് വിദ്യാഭാസം ഇല്ലാത്ത ഒരു ഭൂരിപക്ഷവും തമ്മിലുള്ള വിടവാണ് ഡിപ്ലോമ ഡിവൈഡ്. ചരിത്രത്തിൽ നിന്ന് വിപരീതമായി, ഡെമോക്രാറ്റുകൾ കോളജ് ബിരുദധാരികളുടെയും തൊഴിലാളിവർഗവും സാധാരണക്കാരും റിപ്പബ്ലിക്കൻമാരുടെയും പാർട്ടിയുമായി മാറി. ബുദ്ധിജീവികളും പണ്ഡിതന്മാരും സിലിക്കൺ വാലിയിലെ ടെക്കികളുമൊക്കെ ചേർന്നുള്ള ഒരു വരേണ്യ വർഗം ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്നു. അവർക്ക് മികച്ച വിദ്യാഭാസമില്ലാത്തവരോടുള്ള സഹതാപവും ലിബറാലായ ജീവത വീക്ഷണവും അതിസാധരണക്കാർ സഹിക്കാൻ തയാറല്ല. കുടുംബം , വിശ്വാസം, അച്ചടക്കമുള്ള സമൂഹിക ക്രമം , ധാർമികത എല്ലാം ഇവരെ സംബന്ധിച്ച് വലുതാണ്. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഈ പക്ഷത്താണ്.
പിടക്കോഴി കൂവുന്ന അമേരിക്ക
ഇന്ത്യയിൽ പുരുഷനമാർക്ക് മേൽക്കോയ്മയുള്ള ഒരു കുടുംബ വ്യവസ്ഥ ( പാട്രിയാർക്കി) പാരമ്പര്യ മൂല്യമായി കണക്കാക്കപ്പെടുന്നു. അങ്ങനെയുള്ള മൂല്യ വ്യവസ്ഥയിൽ ഒരു സ്ത്രീ മേൽകോയ്മ നേടുന്നു എന്നത് മാനസികമായി അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ കമലാ ഹാരിസ് എന്ന സ്ത്രീയെ അംഗീകരിക്കാൻ പലരും തയാറല്ല. ട്രംപിൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായ ജെഡി വാൻസ് ആരോപിക്കും പോലെ ചൈൽഡ് ലെസ് ക്യാറ്റ് ലേഡീസ്, ( കുഞ്ഞുങ്ങൾ വേണ്ടെന്ന് തീരുമാനിച്ച് പൂച്ചകളെ കൊഞ്ചിച്ചു നടക്കുന്ന തൻ്റേടി പെണ്ണുങ്ങൾ) സംസ്കാരികമായ അധപതിച്ചവരാണ് എന്ന പൊതുബോധം പൊതുവെ ഇന്ത്യൻ സമൂഹത്തിനുണ്ട്.
ഇന്ത്യയുമായി നല്ല ബന്ധമുള്ള ട്രംപ്
മറ്റൊന്ന് ട്രംപിന് ഇന്ത്യയുമായി നല്ല ബന്ധമാണ്. ട്രംപിൻ്റെ കാലത്ത് ഇന്ത്യയുമായി സ്ഥാപിച്ച ബന്ധം തുടരുകയെന്നല്ലാതെ ബൈഡൻ ഭരണകൂടം കൂടുതലൊന്നും ചെയ്തിട്ടില്ല. മാത്രമല്ല ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച് യുഎസ് നിരന്തരം ആശങ്ക ഉന്നയിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പിൻ്റെ സുതാര്യത, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിലും ബൈഡൻ ഭരണകൂടം ആശങ്ക അറയിച്ചിരുന്നു. എന്നാൽ യുഎസിൻ്റെ ആശങ്കകൾ അസ്ഥാനത്താണ് എന്ന് തിരഞ്ഞെടുപ്പിനു ശേഷം അമേരിക്കയ്ക്ക് ബോധ്യമായിട്ടുണ്ട്. ട്രംപ് കടുത്ത ചൈന വിരോധിയാണ്, ഇന്ത്യയെ സംബന്ധിച്ച് ചൈന ശത്രുപക്ഷത്താണ്. ചൈനയ്ക്കെതിരെ ട്രംപ് തന്നെയായിരിക്കും ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട് എന്ന് ഇന്ത്യക്കാർ കരുതുന്നു.
Why American-Indians love Donald Trump than Kamala