സംവരണ നിഷേധം, ഉദ്യോഗസ്ഥ ഭരണണം, ചോദ്യപേപ്പർ ചോർച്ച; യുപിയിൽ തോറ്റതിന് കാരണങ്ങൾ നിരത്തി ബിജെപി

ന്യൂഡൽഹി: നേതാക്കൾക്കിടയിൽ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ ഉത്തർപ്രദേശിലെ ബിജെപി ഘടകം ലോക്‌സഭാ തരിഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ കാരണങ്ങൾ വിശദമാക്കി വിപുലമായ റിപ്പോർട്ട് പാർട്ടി ഉന്നതർക്ക് സമർപ്പിച്ചു. പേപ്പർ ചോർച്ച, അർഹതപ്പെട്ടവർക്കുള്ള സംവരണ നിഷേധിച്ച് സർക്കാർ ജോലികളിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നത്, ഉദ്യോഗസ്ഥ ഭരണം തുടങ്ങിയ ആശങ്കകൾ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസ്-എസ്പി സഖ്യം 43 സീറ്റുകൾ നേടിയപ്പോൾ എൻഡിഎ 36ൽ ഒതുങ്ങി. 2019ൽ 64 സീറ്റുകളുണ്ടായിരുന്നതാണ് ഇക്കുറി 36ലേക്ക് ചുരുങ്ങിയത്. ഇതിന്റെ പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാന ബിജെപി 15 പേജുള്ള സമഗ്രമായ വിശകലനം സമർപ്പിച്ചു. അയോധ്യ, അമേഠി തുടങ്ങിയ സുപ്രധാന മണ്ഡലങ്ങളിൽ പ്രത്യേക പരിശോധന നടത്തി പാർട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിനായി ഏകദേശം 40,000 ആളുകളിൽ നിന്ന് ഫീഡ്‌ബാക്ക് ശേഖരിച്ചതായി ഉറവിടങ്ങൾ സൂചിപ്പിക്കുന്നു.

ഉത്തർപ്രദേശിലെ എല്ലാ മേഖലകളിലും ബിജെപിയുടെ വോട്ട് വിഹിതത്തിൽ 8% ഗണ്യമായ ഇടിവുണ്ടായെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ആറ് കാരണങ്ങളാണ് ബിജെപി പ്രധാനമായും പരാജയ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതിലാദ്യം പറയുന്നത് ‘ഉദ്യോഗസ്ഥഭരണ’ത്തെപ്പറ്റിയാണ്. സംസ്ഥാനങ്ങളിലെ എംഎൽഎമാർക്ക് അധികാരങ്ങളില്ലെന്നും എല്ലാം നിയന്ത്രിക്കുന്നത് ജില്ലാ മജിസ്‌ട്രേട്ടും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർ എങ്ങനെ പാർട്ടി പ്രവർത്തകർക്ക് പകരക്കാരാകുമെന്നും ഈ രീതി പാർട്ടിക്കുളിൽത്തന്നെ അസ്വാരസ്യങ്ങൾക്കിടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മൂന്നുവർഷത്തിനിടെ 15 ചോദ്യപേപ്പർ ചോർച്ചകളാണ് സംസ്ഥാനത്തുണ്ടായത്. ഇവ തിരിച്ചടിച്ചു. സംസ്ഥാനത്തെമ്പാടും സർക്കാർ ജോലികളിൽ കരാർ ജീവനക്കാരെ നിയമിച്ചത് സംവരണം നിർത്തലാക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കി. ഇങ്ങനെ നിയമിക്കപ്പെട്ടവർ കൂടുതലും മുന്നാക്ക വിഭാഗത്തിൽപ്പെട്ടവരായത് പ്രതിപക്ഷ പാർട്ടികളുടേതടക്കമുളള പ്രചാരണങ്ങൾക്ക് സഹായകരമായി.

ബിജെപിയ്ക്ക് ലഭിക്കുമെന്ന് കരുതിയ കുർമി, മൗര്യ, ദളിത് വോട്ടുകളിലും വലിയ ഇടിവുണ്ടായി. പാർട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ദളിത് വോട്ടുകളുടെ ആകെ മൂന്നിലൊന്ന് മാത്രമാണ് ഇത്തവണ ലഭിച്ചത്. ബിഎസ്പിയ്ക്ക് വോട്ട് കുറഞ്ഞതും കോൺഗ്രസ് പല മേഖലകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതും പാർട്ടിക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ടിലുണ്ട്. ഇവ കൂടാതെ, ഭരണഘടനയെ സംബന്ധിച്ചുള്ള പാർട്ടി നേതാക്കളുടെ പല വിവാദ പരാമർശങ്ങളും ജനങ്ങളെ പാർട്ടിയുടെ നിലപാടുകളിൽ സംശയമുളവാക്കിയെന്നും അഗ്നിപഥ് പോലുള്ള പദ്ധതികൾ ജനങ്ങൾക്കിടയിൽ വലിയ പ്രശ്നമുണ്ടാക്കിയെന്നും സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നീണ്ടത് പ്രവർത്തകർക്കിടയിൽ വലിയ മടുപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഇവ കൂടാതെ, യോഗി ആദിത്യനാഥിന് വലിയ സ്വാധീനമുള്ള ഗോരഖ്‌പൂർ മേഖലയിലടക്കം 13ൽ ആകെ 6 സീറ്റ് മാത്രമാണ് നേടാനായത്. കാശി, പടിഞ്ഞാറൻ യുപി മേഖലകളിലും പാർട്ടി വളരെ മോശം പ്രകടനം കാഴ്ചവെച്ചു.

More Stories from this section

family-dental
witywide