
ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്ത് അധികാരികളുടെ മൂക്കിനു താഴെ അനാസ്ഥയും നിയമലംഘനവും കൊണ്ട് പണിത ഒരു കോച്ചിങ് സെൻ്റർ കെട്ടിടത്തിനുള്ളിൽ വെള്ള കെട്ടിൽ വീണ് പൊലിഞ്ഞത് 3 ജീവനുകൾ. സിവിൽ സർവീസ് എന്ന വലിയ മോഹവുമായി ഡൽഹിക്ക് വണ്ടി കയറിയെത്തിയ 3 യുവാക്കളാണ് നിരവധി പേരുടെ ഉത്തരവാദിത്വ രാഹിത്യത്തിനും അനാസ്ഥയ്ക്കും ഇരയായി മരിച്ചത്. അപകടം നടന്ന് ഉടൻ തന്നെ രാഷ്ട്രീയ പാർട്ടികൾ പഴിചാരൽ എന്ന വൃത്തികെട്ട കളി സമർഥമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്വം ബിജെപിക്കാണെന്ന് ആം ആദ്മി പാർട്ടി, അല്ല മറിച്ചാണെന്ന് ബിജെപി. എല്ലാവർക്കും ഈ അപകടത്തിൽ തുല്യ ഉത്തരവാദിത്വം ഉണ്ട്. ഒരു നഗരത്തിലെ എറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ ഡ്രെയിനേജ് നിർമാണത്തിൽ ഒരുവിധ അനാസ്ഥയും പാടില്ലാത്തതാണ്. അതും ഡൽഹി പോലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരിടത്ത്. മഹാഗനരങ്ങളിലെ ഏറ്റവും വലിയ കച്ചവടം കോച്ചിങ്ങാണ്. അതിൽ ഏറ്റവും മുന്നിൽ ഡൽഹി തന്നെ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അവിടേക്ക് വലിയ സ്വപ്നങ്ങളുമായി എത്തുന്നത്. വലിയ പണം നൽകിയാണ് കുട്ടികൾ അവിടെ പഠിക്കാൻ ചേരുന്നത്. പലരും വീട്ടുകാരുടെ മുഴുവൻ സമ്പാദ്യവും അവിടെ കൊണ്ടുകൊടുക്കുന്നു.
ഇത്തരം കോച്ചിങ് സെൻ്ററുകളുടെ പണത്തിൽ എല്ലാവരും മഞ്ഞളിച്ചു പോകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അധികാരികൾ മനപൂർവം അനാസ്ഥ കാട്ടുന്നു, വാരിക്കോരി പരസ്യങ്ങൾ നൽകുന്നതിനാൽ മാധ്യമങ്ങളും ഇവരെ പ്രോൽസാഹിപ്പിക്കുകയാണ് ചെയ്യാറുള്ളത്.
ബേസ്‌മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഡൽഹി രജീന്ദർ നഗറിലെ റാവൂസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റ് ലൈബ്രറിയായി ഉപയോഗിക്കുകയായിരുന്നു.
രാജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ സെൻ്ററിന് 2021 ഓഗസ്റ്റിൽ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ആ സർട്ടിഫിക്കറ്റിൽ, ബേസ്മെൻറ് പാർക്കിങ്ങിനായി ഉപയോഗിക്കണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ കോച്ചിംഗ് സെൻ്ററിന് ഈ മാസം ആദ്യം അഗ്നിശമനവകുപ്പിൽ നിന്നും എൻഒസി ലഭിച്ചിട്ടുണ്ട്. അത് അനുസരിച്ച് കെട്ടിടംസുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്..ബിൽഡിംഗ് ബൈ-ലോ എന്താണോ പറയുന്നത് അതിനു വേണ്ടി മാത്രമേ ബേസ്മെൻറ് ഉപയോഗിക്കാവൂ എന്ന് ഇതിൽ വ്യക്തമാക്കുന്നുമുണ്ട്. മാത്രമല്ല ഡ്രെയിനേജ് ബേസ്‌മെൻ്റിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മതിയായ ക്രമീകരണം ചെയ്യണമെന്നും കെട്ടിട നിയമങ്ങളിൽ പറയുന്നുണ്ട്.ഓഫിസ് – വാണിജ്യ ആവശ്യങ്ങൾക്ക് ബേസ്മെൻറ് ഉപയോഗിക്കുകയാണെങ്കിൽ, കയറാനും ഇറങ്ങാനും നിരവധി വാതിലുകൾ ഉണ്ടായിരിക്കണമെന്നും നിയമത്തിലുണ്ട്. എന്നാൽ രജീന്ദർ നഗർ കോച്ചിംങ് സെൻ്ററിൽ ആകെ ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.
കനത്ത മഴയെ തുടർന്ന് ബേസ്മെൻ്റിൽ വെള്ളംകയറി മൂന്നു വിദ്യാർഥികളാണ് മരിച്ചത്. ടാനിയ സോണി, ശ്രേയ യാദവ് (25), മലയാളിയായ നവീൻ ഡെൽവിൻ (28) എന്നിവരാണ് മരിച്ചവിദ്യാർഥികൾ. സംഭവം നടക്കുമ്പോൾ നിരവധി വിദ്യാർത്ഥികൾ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നു.
ദുരന്തത്തിലേക്ക് നയിച്ച സാഹചര്യത്തിന് ഏതെങ്കിലും എംസിഡി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് ഉത്തരവിട്ടിട്ടുണ്ട്. നിയമം ലംഘിച്ച എല്ലാ കോച്ചിംഗ് സെൻ്ററുകൾക്കെതിരെയും നടപടിയെടുക്കുമെന്നും അവർ പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമൂലമുള്ള കൊലപാതകം തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോച്ചിംഗ് സെൻ്റർ ഉടമയെയും കോ-ഓർഡിനേറ്ററെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രദേശത്തെ ഡ്രെയിനേജ് ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രാദേശിക എംഎൽഎയും എഎപി നേതാവുമായ ദുർഗേഷ് പഥക്കിനെ സമീപിച്ചെങ്കിലും നടന്നില്ലെന്ന് ബിജെപി പറഞ്ഞു. ബി.ജെ.പി ഈ വിഷയത്തിൽ രാഷ്ട്രീയം കാണിക്കരുതെന്നും ബി.ജെ.പിയുടെ കൗൺസിലർ തൻ്റെ ഭരണകാലത്ത് വൃത്തിയായി പണി ചെയ്യാത്തതുകൊണ്ടുമാണ് ഇതു സംഭവിച്ചത് എന്ന് ആപ് തിരിച്ചടിക്കുന്നു.
Why Coaching Centers in Delhi Flouted Key Norms