2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും (78) ഒഹായോ സെനറ്റർ ജെഡി വാൻസും (40) വിജയിച്ചു. ഏഴ് സ്വിംഗ് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ വിജയിച്ച ട്രംപ് അനായാസം വിജയം ഉറപ്പിച്ചു. ഇപ്പോഴും വോട്ടെണ്ണൽ പുരോഗമിക്കെ 277 ഇലക്ടറൽ വോട്ടുമായി ഇപ്പോഴും മുന്നേറുകയാണ്. 7 സ്വിങ് സ്റ്റേറ്റികളിൽ 4 എണ്ണത്തിലും ട്രംപ് വിജയിച്ചു. മറ്റു 3 സംസ്ഥാനങ്ങളിലെ ഫലം വരാനിരിക്കുന്നതേയുള്ളു. ആകെയുള്ള 538 ൽ 270 ഇലക്ടറൽ വോട്ട് കിട്ടുന്ന വ്യക്തിയായിരിക്കും വിജയിക്കുക. അങ്ങനെ വോട്ടണ്ണൽ പുരോഗമിച്ച് 5 മണിക്കൂറിനുള്ളിൽ തന്നെ 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് ട്രംപ് എത്തിച്ചേർന്നു. ട്രംപ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക ജനുവരിയിലായിരിക്കും.
ട്രംപിനെ സംബന്ധിച്ച് ഇത് ഉജ്ജ്വല വിജയമാണ്. കാരണം സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. സുപ്രീം കോടതിയിൽ ജഡ്ജിമാരിൽ ഭൂരിപക്ഷവും ട്രംപ് അനുകൂലികളാണ്. ഇക്കാര്യങ്ങൾ എല്ലാം അദ്ദേഹത്തെ സംബന്ധിച്ച് അങ്ങേയറ്റം ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ്.
അമേരിക്കക്കാർ ജനാധിപത്യം , സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളേക്കാൾ പ്രധാനം എന്നു കരുതിയത് പണപ്പെരുപ്പവും അനധികൃത കുടിയേറ്റവുമായിരുന്നു. ട്രംപിന്റെ MAGA ( Make America Great Again) പദ്ധതിയേക്കാൾ ആളുകൾ സ്വീകരിച്ചത് അദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നയമാണ്. ആളുകളെ നേരിട്ട് ബാധിച്ചിരുന്ന ബൈഡൻ്റെ സാമ്പത്തിക നയങ്ങൾക്ക് എതിരെയുള്ള ഒരു വിധി കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലം. അതിനേക്കാൾ ഉപരി പ്രസിഡൻ്റ് സ്ഥാനത്ത് ഒരു വനിത എന്നത് യാഥാസ്ഥിതികരായ ഭൂരിപക്ഷത്തിന് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ലായിരുന്നു. അമേരിക്കയിലെ എല്ലാ വെളുത്ത വർഗക്കാരും ട്രംപിനാണ് വോട്ട് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്കിൻ്റെ അകമഴിഞ്ഞ പിന്തുണയും ട്രംപിനു തുണയായി. അനേകം കോടി ഡോളറാണ് മസ്ക് ട്രംപിനായി ചെലവഴിച്ചത്.
നിരവധി ക്രിമിനൽ- സിവിൽ കേസുകളിൽ അകപ്പെട്ടിരുന്ന ട്രംപ് കുറ്റവാളിയാണ് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്നിൻ്റെ ശിക്ഷ ഈ മാസം അവസാനമാണ് വിധിക്കാനായി മാറ്റിയിരിക്കുന്നത്. ഇത്തരം നിയമക്കുരുക്കളിലെല്ലാം പെട്ടിട്ടും അതിൽ നിന്നെല്ലാം ഊരി പോന്ന ട്രംപ് വിജയത്തിൽ കവിഞ്ഞ് മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കാരണം അദ്ദേഹത്തിന് ജയിച്ചേ മതിയാവുമായിരുന്നുള്ളു.
അധികാരത്തിലിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം വീണ്ടും വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ വ്യക്തിയാണ് ട്രംപ് – ഗ്രോവർ ക്ലീവ്‌ലാൻഡായിരുന്നു ഇത്തരത്തിലുള്ള ആദ്യ വ്യക്തി. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റായിരിക്കും ട്രംപ് .
തനിക്കെതിരായ രണ്ട് വധശ്രമങ്ങളെ അതിജീവിച്ച് മാസങ്ങൾക്ക് ശേഷമാണ് മുൻ പ്രസിഡൻ്റിൻ്റെ തിരഞ്ഞെടുപ്പ്. ആ വധശ്രമത്തെ അദ്ദേഹം കൈകാര്യം ചെയ്ത രീതി ആളുകളെ ആരാധകരാക്കി. പ്രതിസന്ധിയിൽ പോരാട്ട വീര്യം കാട്ടുന്ന ഒരു പോരാളിയെ ജനങ്ങൾ അദ്ദേഹത്തിൽ കണ്ടു.
2016-ലെ തൻ്റെ ആദ്യത്തെ വിജയകരമായ വൈറ്റ് ഹൗസ് കാലം മുതൽ ട്രംപ് തൻ്റെ പ്രതിച്ഛായയിൽ റിപ്പബളിക്കൻ പാർട്ടിയെ പുനർനിർമിച്ചു. അതിന്റെ പകരം വയ്ക്കാനില്ലാത്ത നേതാവായി മാറി.
Why Trump Won this Election