പാറ്റ്‌ന: പന്ത്രണ്ടു വര്‍ഷം മുമ്പ് പ്രണയിച്ചു വിവാഹിതരായതാണ് അവര്‍ ഇരുവരും. മൂന്നുകുട്ടികളോടൊപ്പമുള്ള ജീവിതത്തിന് പക്ഷേ ഒരു ട്വിസ്റ്റുവന്നു. ഭാര്യക്ക് മറ്റൊരു പുരുഷനോട് പ്രണയം. ബോളിവുഡ് സിനിമകളില്‍ കണ്ട കഥയാണെന്നു വിചാരിക്കണ്ട, ഇത് ജീവിതമാണ്. ഭര്‍ത്താവ് ഭാര്യയുടെ ആഗ്രഹപ്രകാരം ആ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
ബീഹാറിലെ സഹര്‍സയിലാണ് സോഷ്യല്‍മീഡിയയെ ഇരുത്തിച്ചിന്തിപ്പിച്ച സംഭവം അരങ്ങേറിയത്. മൂന്ന് കുട്ടികളുടെ അമ്മ, ഭര്‍ത്താവിന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് രണ്ട് കുട്ടികളുടെ പിതാവായ കാമുകനെ വിവാഹം കഴിച്ചത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സ്ത്രീയുടെ ഭര്‍ത്താവ് അവരുടെ പുതിയ ബന്ധത്തെ അംഗീകരിക്കുക മാത്രമല്ല, വിവാഹ ചടങ്ങ് എതിര്‍പ്പില്ലാതെ നടത്തിക്കൊടുക്കുകയും ചെയ്തു.
ഭാര്യക്ക് മറ്റൊരു പുരുഷനോട് അടുപ്പമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബന്ധം ഒഴിയാന്‍ സമ്മതിക്കുകയും ഇരുവരും വേര്‍ പിരിയുകയും ചെയ്തു. തുടര്‍ന്നാണ് ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്തത്.
ഈ അസാധാരണ സംഭവം വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. പ്രണയം, ബന്ധങ്ങള്‍, സാമൂഹിക മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചായി പിന്നീടുള്ള ചര്‍ച്ചകള്‍. ചിലര്‍ ഭര്‍ത്താവിന്റെ തീരുമാനത്തെയും അയാളുടെ പക്വതയേയും പ്രശംസിച്ചു. മറ്റു ചിലര്‍ ആധുനിക ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെ ചോദ്യം ചെയ്തും രംഗത്തെത്തി.