‘മനുഷ്യ ജീവന് പുല്ലുവില, കാട്ടിൽ മതി കാട്ടുനീതി’; മാനന്തവാടിയിൽ പന്തംകൊളുത്തി തെരുവിലിറങ്ങി നാട്ടുകാർ

മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടിയിൽ പന്തംകൊളുത്തി പ്രതിഷേധവുമായി നാട്ടുകാർ തെരുവിലിറങ്ങി. പടമലയിൽ ആനയ്ക്ക് പിന്നാലെ കടുവയും ഇറങ്ങിയതോടെ പരിഭ്രാന്തിയിലാണ് ജനങ്ങൾ. ജനവാസകേന്ദ്രത്തിലിറങ്ങിയ ആനയെയും കടുവയെയും എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം.

‘കാട്ടിൽ മതി കാട്ടുനീതി. മനുഷ്യ ജീവന് പുല്ലുവില നൽകുന്ന കാട്ടുനീതിക്കെതിരേ കർഷകരുടെ പ്രതിഷേധം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജനങ്ങൾ പടമലയിൽ പന്തംകൊളുത്തി കടനം നടത്തി പ്രതിഷേധിച്ചത്.

പടമലപള്ളിയുടെ പരിസര പ്രദേശത്താണ് ബുധനാഴ്ച കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

‘ഞങ്ങൾക്ക് സമാധാനത്തോടെ കിടന്നുറങ്ങണം. ഞങ്ങൾ കർഷകർ മാത്രമാണ്. ഞങ്ങളുടെ വികാരം എ.സി റൂമിൽ ഇരിക്കുന്നവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല. അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല’, നാട്ടുകാർ പറയുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു.

കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപ പ്രദേശത്താണ് കടുവയെ കണ്ടത്.‌ സജീഷിനെ കൊലപ്പെടുത്തിയ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ഇതിനിടെ കടുവയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ കൂടുതല്‍ ആശങ്കയിലായി.

More Stories from this section

family-dental
witywide