വന്യമൃഗശല്യം: കേരളവും കര്‍ണാടകയും സഹകരിച്ച് നീങ്ങും, അന്തർ സംസ്ഥാന കരാറില്‍ ഒപ്പുവച്ചു

ബന്ദിപ്പൂര്‍: വന്യമൃഗശല്യം കൂടിവരുന്ന സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ സഹകരണ യോഗം ബന്ദിപ്പൂരില്‍ നടന്നു. യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ടു.

കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്‍റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഉടമ്പടി.

മനുഷ്യ-മൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തല്‍, സംഘര്‍ഷത്തിന്റെ കാരണം കണ്ടെത്തല്‍, പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലെ കാല താമസമൊഴിവാക്കല്‍, വിവരം വേഗത്തില്‍ കൈമാറല്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നില്‍ക്കാണുന്നത്.

നോഡല്‍ ഓഫീസറും അസിസ്റ്റന്റ് നോഡല്‍ ഓഫീസറുമടങ്ങുന്ന അന്തര്‍ സംസ്ഥാന ഏകോപന സമിതി (ICC) രൂപവത്കരിക്കാനും ധാരണയായി. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാടും കര്‍ണാടകയും പിന്തുണച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide