അടിമാലി: വയനാട്ടിലെ വന്യജീവി ആക്രണത്തിൽ പ്രതിഷേധങ്ങൾ അടങ്ങുന്നതിന് മുമ്പ് മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്നുവിളിക്കുന്ന സുരേഷ് കുമാർ (38) ആണ് മരിച്ചത്. രണ്ടു പേർക്ക് പരുക്കേറ്റു. കൊമ്പനാനയുടെ ആക്രമണമാണ് ഉണ്ടായത്. സുരേഷ് കുമാറിന്റെ വീടിന് സമീപത്ത് തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ആക്രമണം നടന്നത്. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാറിൽ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.
കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു സുരേഷ് കുമാർ. ജോലി കഴിഞ്ഞ് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സുരേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. കാട്ടാന ഓട്ടോ കുത്തി മറിച്ചിടുകയും ഓട്ടോയിൽ നിന്ന് വീണ സുരേഷ് കുമാറിനെ തുമ്പിക്കൈക്ക് അടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പറയുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷ് മരിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി നെയ്മക്കാട് എസ്റ്റേറ്റിൽ പടയപ്പയെന്ന കാട്ടാനയുടെ സാന്നിധ്യം ഉണ്ട്. ഇതിനോട് ചേർന്ന പ്രദേശമാണ് കന്നിമല. എന്നാൽ പടയപ്പയാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. പടയപ്പ മൂന്നാർ – മറയൂർ റോഡിൽ തിങ്കളാഴ്ച രാവിലെ ഇറങ്ങുകയും ലോറി തടയുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്ത് വനം – പൊലീസ് സംഘം എത്തിയിട്ടുണ്ട്.