കോതമംഗലം: ഇടുക്കി ജില്ലയിലെ അടിമാലി കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹം ബലമായി പൊലീസ് പിടിച്ചെടുത്തു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചു നീക്കി.
മൃതദേഹവുമായി കോതമംഗലം ടൗണിൽ ബന്ധുക്കൾ പ്രതിഷേധം നടത്തിയിരുന്നു. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിന് മേൽ കിടന്ന് പ്രതിഷേധിച്ചു. അതോടെ അവരെ ബലമായി തട്ടിമാറ്റി പൊലീസ് മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്നു.
മൃതദേഹത്തിൽ കിടന്ന് പ്രതിഷേധിച്ച തന്നെ വലിച്ചിഴച്ചു മാറ്റുകയായിരുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ സുരേഷ് ആരോപിച്ചു. പൊലീസ് നടപടിയിൽ സുരേഷ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധ മാർച്ച് നടത്തി. ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍ നാടന്‍, എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മൃതദേഹവുമായി കോണ്‍ഗ്രസ് നേതാക്കളും നാട്ടുകാരും കോതമംഗലം ടൗണിലേക്ക് നീങ്ങി.
പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇൻക്വസ്റ്റിന് വെച്ച മൃതദേഹവുമായി പ്രതിഷേധം പാടില്ലെന്ന് പൊലീസ് പറഞ്ഞു. ഇത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കത്തിന് വഴിവെച്ചു. മൃതദേഹം കൊണ്ടു പോകുന്നത് തടഞ്ഞ ഡിവൈഎസ്പിയെ എറണാകുളം ഡിസിസി അധ്യക്ഷൻ എം. ഷിയാസ് പിടിച്ചുതള്ളി. വന്യമൃഗശല്യത്തിന് പരിഹാരം കണ്ടിട്ട് മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. മന്ത്രിമാർ നേരിട്ടെത്തിയ ശേഷമെ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് ഡീൻ കുര്യക്കോസ് അറിയിച്ചു.
ഇന്ന് രാവിലെ തന്റെ പുരയിടത്തില്‍ മൂന്ന് കാട്ടാനയെക്കണ്ട ഇന്ദിര തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ആന ഇന്ദിരയ്ക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇന്ദിരയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.