മാനന്തവാടിയില്‍ കാട്ടാന; സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കരുതെന്ന് നിര്‍ദേശം

കൽപറ്റ: മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ രേണുരാജ്. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

നഗരത്തിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കണിയാരത്തും പായോടുമാണ് ഒറ്റയാനെത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസകേന്ദ്രത്തിലെത്തിയത്. കർണാടകയിൽനിന്നുള്ള ഒറ്റയാനാണ് ഇതെന്നാണ് സംശയം.

മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ആനയെ പിന്തുടരുകയോ ഫോട്ടോ, വിഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കലക്ടർ അറിയിച്ചു.

രാവിലെയാണ് പായോടുകുന്നിൽ പ്രദേശവാസികള്‍ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെത്തി. ആനയെ പടക്കം പൊട്ടിച്ച് അകറ്റാന്‍ വനപാലകരും പോലീസും ശ്രമിക്കുന്നുണ്ട്. ആന ഇതുവരെ പ്രകോപനമൊന്നും ഉണ്ടാക്കിയിട്ടില്ല.

More Stories from this section

family-dental
witywide