ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹിരാകാശത്തേക്ക് എത്തിക്കാൻ കഴിഞ്ഞാൽ അത് മുഴുവൻ രാജ്യത്തിനും അഭിമാനകരമായ നിമിഷമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആർഒ) ചെയർമാൻ ഡോ.എസ്.സോമനാഥ് പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗഗൻയാൻ ദൗത്യം തയ്യാറാകുന്നതിനും യോഗ്യത നേടുന്നതിനും താൻ കാത്തിരിക്കുകയാണെന്നും എസ്. സോമനാഥ് കൂട്ടിച്ചേർത്തു. ഐഎസ്ആർഒ ഈ വർഷം ഗഗൻയാൻ ദൗത്യത്തിന്റെ ഒരു നിർണായക ഘട്ടത്തിലാണെന്നും മൂന്ന് പ്രധാന ദൗത്യങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും സോമനാഥ് വ്യക്തമാക്കി.
ഏതാനും മാസങ്ങൾക്കുമുമ്പ് പ്രശാന്ത് നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻഷു ശുക്ല എന്നിവരെ ഗഗൻയാൻ ദൗത്യത്തിനായി ഇന്ത്യൻ വ്യോമസേനയുടെ നാല് പരീക്ഷണ പൈലറ്റുമാരായി തിരഞ്ഞെടുത്തിരുന്നു. ആദ്യ ഗഗൻയാൻ മനുഷ്യ ദൗത്യത്തിൽ രണ്ട് സഞ്ചാരികളാണ് പരമാവധി ഉണ്ടാകുകയെന്ന് എസ്. സോമനാഥ് നേരത്തേ വ്യക്തമാക്കിയിരുന്നു. കന്നി ദൗത്യത്തിൽ ഒരു സഞ്ചാരിയെ മാത്രമയക്കുന്നതും പരിഗണനയിലാണ്. തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ ഒരാൾ ഗഗൻയാൻ യാത്രയ്ക്ക് മുമ്പ് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കും.
ഗഗൻയാൻ മിഷനിൽ, പരിശീലനം ലഭിച്ച ബഹിരാകാശയാത്രികരുടെ ലഭ്യതയില്ലായ്മ വലിയ പരിമിതിയായിരുന്നുവെന്ന് എസ്. സോമനാഥ് പറഞ്ഞു.
പ്രധാനമന്ത്രി മോദി പോകാൻ തീരുമാനിച്ചാൽ അദ്ദേഹത്തെ കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിനും ഡോ. എസ്. സോമനാഥ് മറുപടി പറഞ്ഞു. “തീർച്ചയായും, അത് ചെയ്യുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, എന്നാൽ ഇവിടെ അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലികളുണ്ട്. അതേസമയം മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”