‘സര്‍ക്കാരിന്റെ ആനുകൂല്യമോ അനുകമ്പയോ ആവശ്യമില്ല, പിണറായി സര്‍ക്കാറിന്റെ ഒടുക്കത്തിന്റെ തുടക്കമാണിത്’; ഇനിയും സമരം ചെയ്യുമെന്നും രാഹുല്‍

തിരുവനന്തപുരം: ഇനിയും സമരം ചെയ്യുമെന്നും ജയിലുകള്‍ നിറക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സര്‍ക്കാറിന്റെ ആനുകൂല്യമോ അനുകമ്പയോ ആവശ്യമില്ല. ജയിലില്‍ പോകാന്‍ ഭയമില്ല. അതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യം എടുക്കാതിരുന്നത്. ജയിലില്‍ പോയാല്‍ സംഘടന നിശബ്ദമാകില്ലെന്നും രാഹുല്‍ പറഞ്ഞു.

അധ്യാപകനെന്ന വകതിരിവ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കാണിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. കോടതിയില്‍ സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിയും നടത്തി. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചികിത്സാ രേഖകള്‍ പരിശോധിക്കാമെന്നും സര്‍ക്കാറില്‍ നിന്നും മെഡിക്കല്‍ ആനുകൂല്യം ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ കര്‍ഷക ആത്മഹത്യകള്‍ തുടര്‍കഥയായി മാറിയിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. പത്ത് വര്‍ഷം കഠിന തടവിന് വിധിച്ചാലും ഒരടി പിന്മാറില്ല. മോചനസമരത്തിന്റെ തുടക്കമാണിതെന്നും രാഹുല്‍ പറഞ്ഞു. പിണറായി സര്‍ക്കാറിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്. സൈബര്‍ ക്രിമികീടങ്ങള്‍ക്ക് മറുപടിയില്ലെന്നും രാഹുല്‍ പ്രതികരിച്ചു.

More Stories from this section

family-dental
witywide