രാജ്യം തിരഞ്ഞെടുത്തത് അംഗീകരിക്കുന്നു, ”സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും”- രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സര്‍വ്വേഫലങ്ങളെ കശക്കിയെറിഞ്ഞ് അത്യുജ്ജ്വല വിജയം കൊയ്ത ട്രംപിന് സമാധാനപരമായ രീതിയില്‍ അധികാരം കൈമാറുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപിന് സമാധാനപരവും കൃത്യവുമായുള്ള അധികാര കൈമാറ്റം ഉറപ്പാക്കുമെന്നാണ് ബൈഡന്‍ ഉറപ്പു നല്‍കുന്നത്. യുഎസ് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു പിന്നാലെ ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹം റോസ് ഗാര്‍ഡനിലേക്ക് പ്രവേശിച്ചപ്പോള്‍ ജീവനക്കാര്‍ ആഹ്ലാദിച്ചും കയ്യടിച്ചും എഴുന്നേറ്റുനിന്നു. തന്റെ ട്രേഡ്മാര്‍ക്കായ നീല സ്യൂട്ടും വെള്ള വരയുള്ള ടൈയും ധരിച്ച് വൈറ്റ് ഹൗസ് പുല്‍ത്തകിടിയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു, ”ജനങ്ങള്‍ വോട്ട് ചെയ്യുകയും അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും സമാധാനപരമായി അത് ചെയ്യുകയും ചെയ്തു. ഒരു ജനാധിപത്യത്തില്‍, ജനങ്ങളുടെ ഇഷ്ടം എപ്പോഴും നിലനില്‍ക്കുന്നു, ഇന്നലെ, നിയുക്ത പ്രസിഡന്റ് ട്രംപിന്റെ വിജയത്തെ അഭിനന്ദിക്കാന്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു, സമാധാനപരവും ചിട്ടയായതുമായ അധികാര മാറ്റം ഉറപ്പാക്കാന്‍ അദ്ദേഹത്തിന്റെ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്റെ മുഴുവന്‍ ഭരണകൂടത്തിനും നിര്‍ദ്ദേശം നല്‍കുമെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പുനല്‍കി. അതാണ് അമേരിക്കന്‍ ജനത അര്‍ഹിക്കുന്നത്.’ ബൈഡന്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു , ”ഇന്നലെ, ഞാന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി സംസാരിച്ചു. അവര്‍ ഒരു നല്ല പങ്കാളിയും പൊതുപ്രവര്‍ത്തകയുമാണ്. അവര്‍ ഒരു പ്രചോദനാത്മക കാമ്പെയ്ന്‍ നടത്തി, ഞാന്‍ നേരത്തെ കണ്ടതും ഞാന്‍ ബഹുമാനിക്കുന്നതും എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞു. പൂര്‍ണ്ണഹൃദയത്തോടെ അവര്‍ വളരെയധികം പ്രയത്‌നിച്ചു, അവരും അവരുടെ മുഴുവന്‍ ടീമും നടത്തിയ പ്രചാരണത്തില്‍ അഭിമാനിക്കേണ്ടതുണ്ട്”. സമാധാനപരമായ പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. കൃത്യമായും സമഗ്രമായും സമാധാനപരമായും തിരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരെയും അഭിനന്ദിക്കാന്‍ അദ്ദേഹം മറന്നില്ല.

81 കാരനായ പ്രസിഡന്റ് ജൂലൈയില്‍ ട്രംപിനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഡെമോക്രാറ്റിക് നോമിനിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിന്തുണയ്ക്കും ചെയ്തിരുന്നു. പ്രായാധിക്യവും ഓര്‍മ്മക്കുറവും അടക്കം ചര്‍ച്ചയായതിനു പിന്നാലെയാണ് കമലയെ തനിക്ക് പകരം തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറക്കിയത്.