ഒരുമിച്ച് പോരാടും: കൂടിക്കാഴ്ച നടത്തി കെജ്‌രിവാളിന്റെയും ഹേമന്ത് സോറന്റെയും ഭാര്യമാർ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാളും ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും കൂടിക്കാഴ്ച നടത്തി. കെജ്‌രിവാളും ഹേമന്ത് സോറനും ജയിലിൽ കഴിയുന്നതിനിടെയാണ് ഇരുവരും ഡൽഹിയിൽ കണ്ടത്. സുനിത കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച.

കൽപ്പന സോറനും സുനിത കെജ്‌രിവാളും പരസ്പരം കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്യുന്നത് വിഡിയോയിൽ കാണാം. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായി ആം ആദ്മി പാർട്ടിയും (എഎപി) ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) ആരോപിക്കുന്നതിനിടെയുള്ള ശക്തി പ്രകടനമായാണ് ഇരുനേതാക്കന്മാരുടെയും ഭാര്യമാർ തമ്മിലുള്ള കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

“അരവിന്ദ് കെജ്‌രിവാൾ ജിയെയും ഹേമന്ത് സോറൻ ജിയെയും സ്വേച്ഛാധിപത്യ സർക്കാർ അറസ്റ്റ് ചെയ്തിട്ടും, അവർ (രണ്ട് സ്ത്രീകൾ) ശക്തമായി നിലകൊള്ളുകയും അതത് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കൊപ്പം പോരാടുകയും ചെയ്യുന്നു,” എക്‌സിലെ ഒരു പോസ്റ്റിൽ എഎപി പറഞ്ഞു.

സുനിത കെജ്‌രിവാളിനും കുടുംബത്തിനും പിന്തുണ അറിയിച്ച കൽപ്പന സോറൻ, ജാർഖണ്ഡിൽ നടന്ന അതേ സംഭവം ഡൽഹിയിലും സംഭവിച്ചുവെന്നാണ് ഭർത്താവിൻ്റെ അറസ്റ്റിനെ പരാമർശിച്ച് പറഞ്ഞത്.

“എൻ്റെ ഭർത്താവ് ഹേമന്ത് സോറൻ ജിയെ അറസ്റ്റ് ചെയ്തതിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ജിയെ അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് മുഴുവൻ സുനിത കെജ്‌രിവാളിനൊപ്പം നിൽക്കുന്നു. ഞങ്ങൾ പരസ്പരം വേദന പങ്കിട്ടു. ഒരുമിച്ച് ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ തീരുമാനിച്ചു,” കൽപ്പന സോറൻ പറഞ്ഞു.