ബെയ്ജിംഗ്: ചൈനയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതടക്കമുള്ള ലക്ഷ്യങ്ങളുമായി അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ ബെയ്ജിംഗിലെത്തി. ജോ ബൈഡന്റെ ഭരണകാലത്ത് വഷളായ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് സള്ളിവന്‍റെ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. സള്ളിവനുമായുള്ള ചർച്ചയുടെ ഫലം നോക്കിയാകും അമേരിക്ക മുന്നോട്ടുള്ള നിലപാട് തീരുമാനിക്കുക. ഇരുരാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അമേരിക്ക അറിയിച്ചിട്ടുണ്ട്.
ജനുവരിയിൽ കാലാവധി അവസാനിക്കും മുമ്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് മുന്നോടിയായുള്ള പ്രാഥമിക ചർച്ചകൾക്കാണ് സള്ളിവന്റെ സന്ദര്‍ശനമെന്ന് റിപ്പോർട്ടുണ്ട്. വിദേശ മന്ത്രി വാങ് യി ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സള്ളിവൻ മടങ്ങിയെത്തിയ ശേഷമാകും ജോ ബൈഡൻ – ഷി ജിൻപിങ് കൂടിക്കാഴ്ച സംബന്ധിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുക.