ന്യൂഡല്‍ഹി: നീറ്റ് – യുജി പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ബിജെപിയെ കടന്നാക്രമിച്ച രാഹുലിനോട് മറു ചോദ്യവുമായി ബിജെപി. നീറ്റ്-യുജി റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി മാപ്പ് പറയുമോയെന്നാണ് ബിജെപിയുടെ ചോദ്യം.
രണ്ട് നഗരങ്ങളില്‍ മാത്രമാണ് ചോര്‍ച്ചയുണ്ടായതെന്നും പരീക്ഷയുടെ സമഗ്രതയില്‍ വിട്ടുവീഴ്ച ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരീക്ഷ റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചത്.
പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള രൂക്ഷമായ പ്രതികരണത്തിലൂടെ ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ്സിന് രാഹുല്‍ കോട്ടം വരുത്തിയെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.
പാര്‍ലമെന്റിനോടും ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന പദവിയോടും രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ അനാദരവാണ് കാട്ടിയതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
571 നഗരങ്ങളിലായി 4,750 കേന്ദ്രങ്ങളിലായി 23.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതായും പേപ്പര്‍ ചോര്‍ച്ച തടയാന്‍ മോദി സര്‍ക്കാര്‍ ശക്തമായ നിയമം കൊണ്ടുവന്നതായും അദ്ദേഹം വ്യക്തമാക്കി.