
ന്യൂഡൽഹി: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനൊരുങ്ങുന്നതിനിടെ പരിഹാസവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും അതിനാൽ താൻ വീട്ടിലിരുന്ന് ഇന്ത്യ-പാക്കിസ്ഥാൻ മത്സരം കാണുമെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം. ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്താൻ മത്സരം തുടങ്ങുന്നത്.
നിരവധി വിദേശരാജ്യങ്ങളിലെ രാഷ്ട്രതലവൻമാർക്ക് സത്യപ്രതിജ്ഞക്ക് ക്ഷണമുണ്ടെങ്കിലും ഇന്ത്യയിലെ പ്രതിപക്ഷ നേതൃനിരയിലെ പല പ്രമുഖരേയും ചടങ്ങിനായി ക്ഷണിച്ചിട്ടില്ല. ഇതിനെതിരെ പ്രതിപക്ഷം വിമർശനവും ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തരൂർ.
അയൽ രാജ്യങ്ങളിലെ രാഷ്ട്രതലവൻമാരെ സത്യപ്രതിജ്ഞ ചടങ്ങിനായി ക്ഷണിക്കുന്നത് നല്ലകാര്യമാണ്. എന്നാൽ, പാക്കിസ്ഥാൻെ ക്ഷണിക്കാത്തതിലൂടെ അദ്ദേഹം മറ്റൊരു സന്ദേശമാണ് നൽകുത്. വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വരുന്നതും നല്ലകാര്യമാണെന്ന് തരൂർപറഞ്ഞു. മോദിയും മുയിസുവും തമ്മിൽ ചർച്ചയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവിഭാഗങ്ങൾക്കും കൂടിക്കാഴ്ച ഗുണകരമാവുമെന്നും പ്രതീക്ഷിക്കുന്നതായും തരൂർ കൂട്ടിച്ചേർത്തു.