മൂന്നാം ഊഴം… ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ മൂന്നിരട്ടി കഠിനാധ്വാനം ചെയ്യും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ മൂന്നിരട്ടി കഠിനാധ്വാനം ചെയ്യുമെന്ന് ഉറപ്പുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 18-ാം ലോക്സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ഇന്ന് രാജ്യത്തിന് അഭിമാന ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകള്‍, വിലക്കയറ്റം, ഭക്ഷ്യ വിലക്കയറ്റം, ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി തിരഞ്ഞെടുത്ത സര്‍ക്കാര്‍ തീരുമാനം തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കാന്‍ തയ്യാറായ പ്രതിപക്ഷത്തെ പരിഹസിച്ചാണ് മോദി സംസാരിച്ചത്. മുദ്രാവാക്യങ്ങളല്ല, ഭരണമാണ് ജനം പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മോദി പറഞ്ഞു.

മാത്രമല്ല, പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നല്ല ചുവടുവെപ്പുകള്‍ ഉണ്ടാകുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തിന് ആവശ്യം നല്ല പ്രതിപക്ഷമാണ്, ഉത്തരവാദിത്വബോധമുള്ള പ്രതിപക്ഷമാണ്. ജനാധിപത്യത്തിന്റെ അന്തസ്സ് സംരക്ഷിക്കുന്നവിധത്തില്‍, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പ്രതിപക്ഷം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷ ജനവിധി ആവശ്യമാണെങ്കിലും രാജ്യം ഭരിക്കാന്‍ സമവായമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, സ്വതന്ത്ര ഇന്ത്യയില്‍ രണ്ടാം തവണയാണ്, തുടര്‍ച്ചയായി മൂന്നാമതും ഒരു സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും, 60 വര്‍ഷത്തിന് ശേഷമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വയം അഭിമാനത്തിന്റെ കാര്യമാണെന്നും സര്‍ക്കാര്‍ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുമ്പോള്‍, ഇതൊരു അംഗീകാരമാണെന്നും അതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide