വിന്‍ഡോസ് തകരാര്‍, ബ്ലൂ സ്‌ക്രീനില്‍ കുടുങ്ങി ലോകം; സാധാരണ നിലയിലെത്താന്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരും

മൈസ്‌ക്രോസോഫ്റ്റ് വിന്‍ഡോസില്‍ ഇന്നലെ മുതല്‍ നേരിട്ട തടസം ആഗോള തലത്തില്‍ സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയായിരുന്നു. വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള കംപ്യൂട്ടര്‍ സിസ്റ്റങ്ങളെ ബാധിച്ച വന്‍ ഐടി തകര്‍ച്ചയ്ക്ക് ശേഷം ലോകമെമ്പാടുമുള്ള ബിസിനസ്സുകളും സേവനങ്ങളും സാവധാനം വീണ്ടെടുക്കലിന്റെ പാതയിലാണ്. എന്നാല്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെടാന്‍ ഇനിയും മണിക്കൂറുകളുടെ കാത്തിരിപ്പ് ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ക്ലൗഡ് അധിഷ്ഠിത കമ്പനികള്‍ക്കായുള്ള സൈബര്‍ സുരക്ഷയില്‍ വൈദഗ്ധ്യമുള്ള ക്രൗഡ്സ്‌ട്രൈക്ക് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് നല്‍കിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റാണ് കാര്യങ്ങള്‍ വഷളാക്കിയത്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ ക്രൗഡ്സ്‌ട്രൈക്ക് ഉപയോഗിക്കുന്ന കമ്പനികളെയോ വ്യക്തികളെയോ തകരാറുകള്‍ ബാധിച്ചു. അവര്‍ അപ്ഡേറ്റ് നല്‍കിയപ്പോള്‍, പൊരുത്തപ്പെടാത്ത സോഫ്റ്റ്വെയര്‍ കമ്പ്യൂട്ടറുകളെ ‘മരണത്തിന്റെ നീല സ്‌ക്രീന്‍’ എന്നറിയപ്പെടുന്ന മരവിച്ച അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. കംപ്യൂട്ടറുകള്‍ തനിയെ ഷട്ട് ഡൗണ്‍ ആകുകയും റീ സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്തു.

പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതായി ക്രൗഡ്സ്‌ട്രൈക്ക് പറഞ്ഞു. കമ്പനി മേധാവി ജോര്‍ജ്ജ് കുര്‍ട്ട്‌സ്, ഉപഭോക്താക്കളെ സഹായിക്കുന്നതിന് തന്റെ ടീമുകള്‍ പൂര്‍ണ്ണമായും അണിനിരന്നതായി വ്യക്തമാക്കി. എന്നിരുന്നാലും, എല്ലാ സിസ്റ്റങ്ങളും ബാക്കപ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നതിന് ‘കുറച്ച് സമയം’ വേണ്ടിവരുമെന്നാണ് അദ്ദേഹം നല്‍കുന്ന വിശദീകരണം.

എയര്‍ലൈനുകള്‍, ബാങ്കുകള്‍, ടിവി ചാനലുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒരു ആന്റിവൈറസ് പ്രോഗ്രാമിലേക്കുള്ള അപ്ഡേറ്റ് കാരണമുണ്ടായ ഏറ്റവും വലിയ ഐടി ക്രാഷിലൂടെ കടന്നുപോകുന്ന മണിക്കൂറുകളാണിത്. സമീപ വര്‍ഷങ്ങളിലുണ്ടായതില്‍ വെച്ച് ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചാണ് ഈ അപ്‌ഡേറ്റ് എത്തിയത്.

ഇന്ത്യയില്‍, പല വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മാനുവല്‍ ബോര്‍ഡിംഗ് പാസ്സ് നല്‍കി. ബെംഗളൂരു, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ പല വിമാനങ്ങളും റദ്ദാക്കുകയും റീ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. മറ്റ് വിമാന കമ്പനികളും ബുദ്ധിമുട്ടിലായി. ബ്രിട്ടനിലെ സ്‌കൈ ന്യൂസ് വാര്‍ത്താ പ്രക്ഷേപണം താത്ക്കാലികമായി അവസാനിപ്പിച്ചതായി വ്യക്തമാക്കി. ഓസ്ട്രേലിയയിലെ എബിസിയും സമാനമായി വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തു.

ക്രൗഡ്സ്‌ട്രൈക്കിന്റെ വ്യാപകമായി ഉപയോഗിക്കുന്ന സൈബര്‍ സുരക്ഷാ സോഫ്റ്റ്വെയറിന്റെ പതിവ് അപ്ഡേറ്റ്, മതിയായ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമായില്ലെന്നാണ് സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആഗോളതലത്തില്‍ ഏകദേശം 30,000 വരിക്കാരുള്ള ഒരു പ്രധാന സൈബര്‍ സുരക്ഷാ ദാതാവാണ് ക്രൗഡ്സ്‌ട്രൈക്ക്. ഫോര്‍ച്യൂണ്‍ മാഗസിനില്‍ ഇടംപിടിച്ച യു.എസിലെ പ്രമുഖ 500 കമ്പനികളില്‍ പകുതിയിലധികവും, യുഎസിലെ മുന്‍നിര സൈബര്‍ സുരക്ഷാ ഏജന്‍സി പോലുള്ള നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ട്.

More Stories from this section

family-dental
witywide