
നിങ്ങളുടെ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ ഒരു നീല സ്‌ക്രീന്‍ തെളിയുകയും ചില മെസേജുകള്‍ കാണിക്കുകയും ചെയ്‌തോ? പേടിക്കണ്ട, നിങ്ങള്‍ തനിച്ചല്ല, ലോകമമ്പൊടുമുള്ള വിവിധ വിന്‍ഡോസ് ഉപയോക്താക്കളില്‍ പ്രശ്‌നം നേരിടുന്നവരില്‍ ഒരാള്‍ മാത്രമാണ് നിങ്ങള്‍ എന്ന വസ്തുത മനസ്സിലുറപ്പിക്കുക. കാരണം ഏതാനും മണിക്കൂറുകളായി വിന്‍ഡോസ് തകരാറുകള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒരു ക്രൗഡ്സ്‌ട്രൈക്ക് പ്രശ്നം മൂലമാണ് ഇത് സംഭവിച്ചത്.
വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ സുരക്ഷാ വിവരങ്ങള്‍ ശേഖരിക്കുന്നതിന് തിനായുള്ള ക്രൗഡ് സ്ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. പുതിയ ക്രൗഡ് സ്ട്രൈക്ക് അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാവാന്‍ കാരണം. ഇന്ത്യയിലുള്‍പ്പെടെ ലോക വ്യാപകമായി തകരാറിലായതായാണ് റിപ്പോര്‍ട്ട്.
യു.എസ്സിലും ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും ബാങ്കുകളുടേയും ടെലികമ്മ്യൂണിക്കേഷന്‍, വിമാന കമ്പനികളുടെയും പ്രവര്‍ത്തനം തകരാറിലായതായി റിപ്പോര്‍ട്ടുണ്ട്. തകരാറിലായ കംപ്യൂട്ടറുകളില്‍ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറര്‍ മുന്നറിയിപ്പാണ് കാണുന്നത്. തുടര്‍ന്ന് കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ആയി റീസ്റ്റാര്‍ട്ടാവുകയും ചെയ്യും.