ന്യൂഡൽഹി: ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽണമെന്ന് റായ്ബറേലി എംപിയും പ്രതിപക്ഷ നേതാവുമായി രാഹുൽ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാമെന്നും എന്നാൽ, ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് കരുത്തല്ല, ദുർബലതയുടെ ലക്ഷണമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.
‘ജയപരാജയങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. ശ്രീമതി സ്മൃതി ഇറാനിക്കോ മറ്റേതെങ്കിലും നേതാക്കൾക്കോ എതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുകയോ അവരോട് മോശമായി പെരുമാറുകയോ ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ദുർബലതയുടെ ലക്ഷണമാണ്, അത് കരുത്തല്ല,’ എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.
2019ലെ ലോക്സഭ തfരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അമേഠിയിൽ പരാജയപ്പെടുത്തി, ബിജെപിയിലെ മുൻനിര നേതാവായി മാറിയ ആളായിരുന്നു സ്മൃതി ഇറാനി. അമേഠിയിൽ വീണ്ടും മത്സരിക്കാൻ സ്മൃതി രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ അമേഠിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് സ്മൃതി ഇറാനി പരാജയപ്പെട്ടു. രാഹുലിനെ പല അവസരത്തിലും രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന ബിജെപി നേതാക്കളിൽ മുൻപന്തിയിലായിരുന്നു സ്മൃതി ഇറാനി എന്നതും ശ്രദ്ധേയമാണ്.