ദില്ലി: കർഷക സമരം ശക്തമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സ് രംഗത്ത്. എക്സ് പ്ലാറ്റ്ഫോമിലെ ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ നടപടിയെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലാണ് കമ്പനി ഇപ്പോൾ നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വ്യക്തമാക്കി. ചില അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
കർഷക നേതാക്കളുടെയും കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് എക്സിന്‍റെ പ്രതികരണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ കര്‍ഷക സമര സമയത്തും ഇത്തരം നടപടികളുണ്ടായിരുന്നു. അക്കൗണ്ടുകൾ റദ്ദാക്കിയ ഇത്തവണത്തെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് എക്സിനെതിരെ ഉയര്‍ന്നത്. വിമർശനം ശക്തമായതോടെയാണ് കേന്ദ്രത്തിനെതിരെ വെളിപ്പെടുത്തലുമായി എക്സ് രംഗത്തെത്തിയത്.
അക്കൗണ്ടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ആവശ്യം നിരാകരിച്ചിട്ടുണ്ടെന്നും എക്സ് പ്രതികരിച്ചു. ഇത്തരത്തിലുള്ള നിയമനടപടി ഉൾപ്പടെയുള്ള കാര്യങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഇതിനോട് വിയോജിക്കുന്നതായും എക്സ് അധികൃതർ വ്യക്തമാക്കി.
Withholds Accounts Social Media Platform X against Indian Government Orders Farmers Protest Live Updates