‘അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ബൈഡൻ തുടരുമായിരുന്നില്ല’; ജിൽ ബൈഡനെ പ്രശംസിച്ച് വിദഗ്ധർ; ഭർത്താവിനു പിന്നിൽ പാറ പോലെ ഉറച്ച് പ്രഥമ വനിത

വാഷിംഗ്ടൺ: സിഎൻഎൻ ആതിഥേയത്വം വഹിച്ച അമേരിക്കൻ പ്രസിഡൻ്റ് സംവാദത്തിന് ശേഷം ജോ ബൈഡനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ബൈഡന് പ്രായമായെന്നും പഴയതു പോലെ പ്രവർത്തിക്കാൻ കാര്യക്ഷമതയില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം, ബൈഡനൊപ്പം പാറപോലെ ഉറച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയും പ്രഥമവനിതയുമായ ജിൽ ബൈഡനെ പ്രശംസിച്ച് നിരവധി വിദഗ്ധർ രംഗത്തെത്തി.

“പണ്ഡിറ്റുകൾ അവകാശപ്പെടുന്നതുപോലെ അവർ വളരെ സ്വാധീനമുള്ളയാളാണെന്ന് ഞാൻ കരുതുന്നു. മറ്റാരെക്കാളും അവരുടെ അഭിപ്രായത്തെ ബൈഡൻ വില കൽപ്പിക്കുന്നു. അവരുടെ പിന്തുണയില്ലാതെ മത്സരത്തിൽ തുടരുന്നത് ബൈഡന് അസാധ്യമായേനെ,” ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ കമ്മ്യൂണിക്കേഷൻസ് പ്രൊഫസറായ ടാമി വിജിൽ പറഞ്ഞു.

വോഗ് മാഗസിന്റെ ഓഗസ്റ്റ് ലക്കത്തിൻ്റെ കവർ പുറത്തുവന്നതോടെ, 73 വയസുള്ള, മുൻ കമ്മ്യൂണിറ്റി കോളേജ് പ്രൊഫസറായ ജിൽ ബൈഡൻ വാർത്തകളിൽ ഇടംനേടുകയാണ്. റാൽഫ് ലോറൻ്റെ നീളമുള്ള വെളുത്ത ടക്സീഡോ ഗൗൺ ധരിച്ചാണ് ഫോട്ടോയിൽ ജിൽ ബൈഡൻ കാണപ്പെട്ടത്.

ബൈഡൻ മത്സരത്തിൽ നിന്ന് പിൻമാറണമെന്നുള്ള ആവശ്യങ്ങൾ ഉയരുന്നതിനിടെ താൻ ജിൽ ബൈഡനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് വോഗ് എഡിറ്റർ വെളിപ്പെടുത്തി. ഡിബേറ്റിൽ കണ്ട 90 മിനുട്ടിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റിന്റെ നാല് വർഷത്തെ സേവനങ്ങളെ വിലയിരുത്താൻ ബൈഡൻ കുടുംബം അനുവദിക്കില്ലെന്ന് ജിൽ പ്രതികരിച്ചതായി വോഗ് എഡിറ്റർ പറയുന്നു.

“ജോ പ്രസിഡന്റ് ആകാൻ യോഗ്യനായ ഏതോ ഒരാൾ അല്ല, ആ പദവി അലങ്കരിക്കാൻ പ്രാപ്തനായ ഏകവ്യക്തിയാണ്,” എന്നായിരുന്നു മറ്റൊരു യോഗത്തിൽ ജിൽ ബൈഡൻ തന്റെ ഭർത്താവിനെക്കുറിച്ച് പറഞ്ഞത്.

വ്യാഴാഴ്ച, സംവാദത്തിന് ശേഷം,സിഎൻഎൻ സ്റ്റുഡിയോയുടെ പടികൾ ഇറങ്ങാൻ ജോ ബൈഡന്റെ കൈ പിടിച്ച് സഹായിക്കുന്ന ജില്ലിന്റെ ചിത്രവും പുറത്തുവന്നിരുന്നു.

More Stories from this section

family-dental
witywide