മാധ്യമങ്ങളില്ലാതെ ജനാധിപത്യമില്ല, പ്രതിപക്ഷത്തിന്റെ റോളാണ് മാധ്യമങ്ങളുടേത് : ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍

കൊച്ചി: മാധ്യമങ്ങളില്ലെങ്കില്‍ ജനാധിപത്യമുണ്ടാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ”പ്രതിപക്ഷത്തിന്റെ റോളാണ് മാധ്യമങ്ങളുടേത്. ശത്രുക്കളുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തെ കേള്‍ക്കാന്‍ നിങ്ങള്‍ തയാറാവണം. സത്യം പുറത്ത് വരുന്നതിന് എതിരായി വരുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരാണ്. എല്ലാ ശബ്ദങ്ങളെയും കേള്‍ക്കാന്‍ സഹിഷ്ണുത കാട്ടണം” – കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയന്ത്രിക്കാനാകില്ലെങ്കിലും സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, കൊല്ലത്ത് കാണാതായ അഭിഗേല്‍ സാറയെ കണ്ടെത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കും, ഷിരൂരില്‍ അര്‍ജുനായുള്ള തെരച്ചിലില്‍ മാധ്യമങ്ങളുടെ ഇടപെടലും ചൂണ്ടിക്കാട്ടിയ അദ്ദേഹം മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയെ അഭിനന്ദിക്കുകയും ചെയ്തു

അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്നും വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതാണ്. അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകോപോലും തിരുത്താനുള്ള സാവകാശം ഇല്ലാതെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന വിമര്‍ശനമാണ് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയത്. വാര്‍ത്തയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നുണ്ടോ എന്നും വെറും കേട്ടെഴുത്ത് മാത്രമാക്കി പത്രപ്രവര്‍ത്തനം ചുരുങ്ങുന്നുണ്ടോ എന്നും വിലയിരുത്തണം. തങ്ങള്‍ വിമര്‍ശനാതീതരാണ് എന്ന ചിന്ത മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വളരുന്നുണ്ടോ എന്നത് വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെ വിമര്‍ശിച്ചാലും തങ്ങള്‍ വിമര്‍ശിക്കപ്പെടുന്നില്ല എന്നും ആരെ വേട്ടയാടിയാലും തങ്ങള്‍ വേട്ടയാടപ്പെടുന്നില്ല എന്നുമുള്ള സങ്കുചിതമായ നിലപാടിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കൂപ്പുകുത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide