കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച കൊച്ചിയിൽ എത്തും. വൈകിട്ട് 5 മണിയോടെ കൊച്ചി നേവൽ ബേസിൽ എത്തുന്ന പ്രധാന മന്ത്രി വൈകിട്ട് ആറ് മണിക്ക് കൊച്ചി മഹാരാജാസ് കോളേജ് പരിസരത്തു നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. റോഡ് ഷോ നടക്കുന്നതിനാൽ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ഗുരുവായൂരിൽ ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പിയാർഡിന്റെ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് മറൈൻ ഡ്രൈവിൽ നടക്കുന്ന പാർട്ടി ഭാരവാഹികളുടെ സംഗമത്തിലും പങ്കെടുത്ത ശേഷമാകും പ്രധാനമന്ത്രി മടങ്ങുക.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17 ന് കണ്ടാണശ്ശേരി, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നീ പരിധികളിലുള്ള പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ ഈ അവധിയ്ക്ക് പകരമായി ഏതെങ്കിലും ഒരു ശനിയാഴ്ച്ച പ്രവര്‍ത്തി ദിനമായിരിക്കും. ഈ അവധി മുന്‍ നിശ്ചയപ്രകാരമുളള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര – സംസ്ഥാന , അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും ബാധകമല്ല.
ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി എന്നീ ക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ കുന്നംക്കുളം ചാവക്കാട് കൊടുങ്ങല്ലൂര്‍ താലൂക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വഴിയിലും മൈക്രോലൈറ്റ്, സ്വകാര്യ ഹെലികോപ്റ്ററുകള്ഡ, എയര്‍ ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍ റിമോട്ടുകള്‍ ഉപോയഗിച്ചുള്ള ഇലക്ട്രോണിക കളിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.