ബെംഗളൂരു: ഭര്‍ത്താവിന്റെ കടം വീട്ടാന്‍ 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ് യുവതി. ബെംഗളൂരുവിലെ രാമനഗരയിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ 40 കാരിയായ യുവതി അറസ്റ്റിലായി. കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച രണ്ടുപേരും വാങ്ങിയയാളും പിടിയിലായിട്ടുണ്ട്. പൊലീസ് രക്ഷപെടുത്തിയ കുഞ്ഞ് നിലവില്‍ മാണ്ഡ്യയിലെ ശിശുക്ഷേമ ഹോമിലാണുള്ളത്.
ദിവസ വേതനത്തിന് ജോലിചെയ്യുന്നവരായിരുന്നു ദമ്പതികള്‍. ഇരുവര്‍ക്കും അഞ്ച് കുട്ടികളുണ്ട്. കുറഞ്ഞ വരുമാനത്തില്‍ ഇത്രയും വലിയ കുടുംബം നടത്തിക്കൊണ്ടിരുന്നതിനാല്‍ അവരുടെ കടങ്ങള്‍ പെരുകിവന്നു. ഈ കടങ്ങള്‍ വീട്ടാന്‍ ഒരു കുഞ്ഞിനെ വില്‍ക്കാമെന്ന് ഭാര്യ നേരത്തെ തന്നോട് പറഞ്ഞിരുന്നതായും എന്നാല്‍ താന്‍ സമ്മനതിച്ചില്ലെന്നും ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.
ഒരുമാസം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് കാണാതായത്. ഭാര്യ കുഞ്ഞിനെ വില്‍ക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അങ്ങനെ ചെയ്യുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും അയാള്‍ വ്യക്തമാക്കി.