രേവ: മധ്യപ്രദേശിൽ അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 24കാരിയായ യുവതിക്ക് വധശിക്ഷ. 2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി തന്റെ ഭർതൃമാതാവിനെ ഇരുമ്പിന്റെ ചട്ടികൊണ്ട് ആക്രമിക്കുകയും അരിവാൾ ഉപയോഗിച്ച് 90 തവണ കുത്തുകയും ചെയ്തു.
51 കാരിയായ അമ്മായിയമ്മ സരോജിനെ കൊലപ്പെടുത്തിയതിന് രേവയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി പത്മ ജാതവ്, ജില്ലയിലെ അത്രേല ഗ്രാമവാസിയായ കാഞ്ചൻ കോൾ കുറ്റക്കാരിയാണെന്ന് വിധിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ വികാസ് ദ്വിവേദി ചൊവ്വാഴ്ച പറഞ്ഞു. തിങ്കളാഴ്ച ശിക്ഷ പ്രഖ്യാപിക്കുമ്പോൾ, കൊലപാതകത്തിനുപയോഗിച്ച് ആയുധങ്ങളിൽ പ്രതിയുടെ വിരലടയാളം കണ്ടെത്തിയതായി ജഡ്ജി വ്യക്തമാക്കി.
കൊല്ലപ്പെടുന്ന സമയത്ത് സരോജ് വീട്ടിൽ തനിച്ചായിരുന്നു. പിന്നീട് മകനാണ് വിവരം പൊലീസിൽ അറിയിച്ചത്. സരോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സരോജ് കോളിന്റെ ഭർത്താവ് വാൽമിക് കോളിനെ പ്രേരണാക്കുറ്റം ചുമത്തി കേസിൽ കൂട്ടുപ്രതിയാക്കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടതായി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.