യുവാവിനെയും യുവതിയെയും തെരുവിൽ മർദ്ദിച്ച് ജനക്കൂട്ടം; ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയത് തൃണമൂൽ നേതാവെന്ന് പ്രതിപക്ഷം

കൊൽക്കത്ത: ആൾക്കൂട്ടം നോക്കിനിൽക്കെ യുവാവിനെയും യുവതിയെയും ക്രൂരമര്‍ദനത്തിനിരയാക്കിയ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടപടിയുമായി പശ്ചിമബംഗാള്‍ പോലീസ്. സംഭവത്തിൽ പ്രതിപക്ഷം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് അഴിച്ചുവിട്ടിരിക്കുന്നത്.

വടക്കൻ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിൽ നിന്നുള്ളതാണ് വീഡിയോയെന്ന് പ്രതിപക്ഷ പാർട്ടികളായ സിപിഎമ്മും ബിജെപിയും പറഞ്ഞു. വാരാന്ത്യത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.

ഒരു ചെറിയ ആൾക്കൂട്ടം നിശബ്ദമായി നോക്കിനിൽക്കെ, ഒരു പുരുഷൻ സ്ത്രീയെ വടികൊണ്ട് ആവർത്തിച്ച് അടിക്കുന്നത് വീഡിയോയിൽ കാണാം. യുവതി വേദനകൊണ്ട് നിലവിളിക്കുമ്പോഴും ഇയാൾ ആക്രമണം തുടരുന്നു. പിന്നീട് അയാൾ ഒരു യുവാവിന് നേരെ തിരിഞ്ഞ് അയാളെ അടിക്കാൻ തുടങ്ങുന്നു. ആൾക്കൂട്ടത്തിലുള്ളവർ ആക്രമണം തടയാൻ ശ്രമിക്കുന്നതിനുപകരം, അക്രമിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു ഘട്ടത്തിൽ, അക്രമി സ്ത്രീയുടെ മുടിയിൽ പിടിച്ച് ചവിട്ടുന്നു.

ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെയാണ് പൊലീസ് കണ്ടതെന്നും പരിശോധിച്ചതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഇസ്‌ലാപുര്‍ എസ്പി ജോബി തോമസ് കെ. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പ്രതികരിച്ചു. കുറ്റക്കാരനെ അറസ്റ്റ് ചെയ്യാനുള്ള തിരച്ചില്‍ ആരംഭിച്ചതായും സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതിയെയും യുവാവിനെയും മര്‍ദിക്കുന്നയാള്‍ ചോപ്രയിലെ എംഎല്‍എ ഹമിദുര്‍ റഹ്മാന്റെ അടുത്ത അനുയായി ആണെന്നു ബിജെപി വക്താവ് അമിത് മാളവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിയുടെ ഭരണത്തിന്റെ വികൃതമുഖമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.