ബസിനകത്ത് വച്ച് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുള്ള സ്ത്രീകളുടെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ശക്തമായ പ്രതികരണം നടത്തിയാൽ ഈ ശല്യക്കാർ പറ പറക്കാറുണ്ട്. ശല്യം ചെയ്യുന്നവർക്ക് നല്ല അടി കൊടുക്കണം എന്നാണ് പലരും പറയാറുള്ളത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മദ്യപിച്ച് ശല്യം ചെയ്തയാളെ ഷർട്ടിന് കുത്തിപ്പിടിച്ച് 25 തവണ കരണകുറ്റിക്ക് അടിച്ച അധ്യാപികയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഇന്നലെ പുനെയിലെ ബസിനുള്ളിലാണ് സംഭവം നടന്നതെന്നാണ് വ്യക്തമാകുന്നത്. ഷിര്‍ദിയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് അധ്യാപികയായ പ്രിയ ലഷ്‌കറയോട് ബസ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തന്നോട് മോശം രീതിയില്‍ പെരുമാറിയ വ്യക്തിയെ കുത്തിന് പിടിച്ച് അധ്യാപിക മുഖത്തടിച്ചത് 25 തവണയാണ്. ഇടയ്ക്ക് ബസ് കണ്ടക്ടര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിട്ടു. മര്‍ദനമേറ്റയാളുടെ ഭാര്യ ലഷ്‌കറെയോട് മാപ്പപേക്ഷിക്കുകയും കൂടുതല്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാതെ പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു.