ആന്ധ്രാമുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിന് ട്രോള്‍, പിന്നാലെ ആത്മഹത്യ ചെയ്ത് യുവതി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പീഡനത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടെയും ജനസേനയുടെയും പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകയും ആക്ഷേപിക്കുകയും ചെയ്തതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.

കഴിഞ്ഞ ദിവസം തെനാലി റെയില്‍വേ സ്റ്റേഷന് സമീപം ഗീതാഞ്ജലി എന്ന യുവതിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും പിന്നീട് അവര്‍ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. യുവതി ട്രെയിനു മുന്നില്‍ച്ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ട്രെയിനിന്റെ ലോക്കോ പൈലറ്റ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഭൂമിക്ക് പട്ടയം ലഭിച്ച ഒരു പരിപാടിയില്‍ ഗീതാഞ്ജലി പങ്കെടുത്തതായും തുടര്‍ന്ന് പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു.. തുടര്‍ന്നാണ് ഗീതാഞ്ജലിയെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിന് സമൂഹമാധ്യമങ്ങളില്‍ അപമാനിക്കാന്‍ പലരും തുനിഞ്ഞത്.

വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി, യുവതിയുടെ കുടുംബത്തിന് തന്റെ അഗാധമായ അനുശോചനം അറിയിച്ചു. ഗീതാഞ്ജലിയുടെ കുടുംബത്തിന് അടിയന്തര സഹായം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി 20 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ഗീതാഞ്ജലിയുടെ അഭിമുഖത്തില്‍ അനുചിതമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗീതാഞ്ജലിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

അതേസമയം, ഗീതാഞ്ജലി ട്രെയിന്‍ തട്ടിയ സ്ഥലത്തുനിന്നും പകര്‍ത്തിയതെന്ന പേരില്‍ ഒരു വീഡിയോ ടിഡിപി പുറത്തുവിട്ടു. അജ്ഞാതരായ രണ്ടുപേരാണ് ഗീതാഞ്ജലിയെ കൊലപ്പെടുത്തിയതെന്നാണ് പാര്‍ട്ടി പറയുന്നത്. രണ്ട് അജ്ഞാതര്‍ ഗീതാഞ്ജലിയെ ഓടുന്ന ട്രെയിനിലേക്ക് തള്ളിയിടുകയും തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് ടിഡിപിയുടെ ആരോപണം. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

Woman commits suicide after being trolled for speaking in favor of Andhra Chief Minister Jagan Mohan Reddy

More Stories from this section

family-dental
witywide