മുംബൈ: ഞായറാഴ്ച രാവിലെ മുംബൈയിലെ സിയോൺ ആശുപത്രിയിൽ മദ്യലഹരിയിലായിരുന് രോനഗിയും പരിചാരകരും ചേർന്ന് വനിതാ റസിഡൻ്റ് ഡോക്ടറെ ശാരീരികമായി ഉപദ്രവിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിലെ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവം.
പുലർച്ചെ 3.30 ഓടെ റസിഡൻ്റ് ഡോക്ടർ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് മറ്റ് ഡോക്ടർമാർ പറഞ്ഞു. മുഖത്ത് മുറിവുകളോടെ ആശുപത്രിയിലെത്തിയ രോഗിയും ഇയാൾക്കൊപ്പം മദ്യപിച്ചെത്തിയ ആറംഗ സംഘമാണ് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാനും ശ്രമിച്ചത്. ശേഷം രോഗിയും അക്രമിസംഘവും ആശുപത്രിയിൽനിന്ന് ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.
വനിതാ റസിഡൻ്റ് ഡോക്ടർ നിലവിൽ സിയോൺ പോലീസ് സ്‌റ്റേഷനിൽ മൊഴി നൽകുകയും പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയും ചെയ്യുന്നു. സിയോൺ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ ബിഎംസി എംആർഡിയിലെ ഡോക്ടർമാർ, പോലീസ് സ്റ്റേഷനിൽ എത്തി. സുരക്ഷാ വീഴ്ചയുടെ മറ്റൊരു ഉദാഹരണമാണ് പുതിയ സംഭവം എന്ന് അവർ പറഞ്ഞു.