മൂന്ന് വയസുകാരനെ കൊന്ന് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 40കാരിയായ സ്ത്രീ അയൽവാസിയായ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി. തിരുനെല്‍വേലി രാധാപുരം താലൂക്കിലാണ് സംഭവം. കുട്ടിയെ കൊന്ന് മൃതദേഹം വാഷിങ് മെഷീനില്‍ ഒളിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാധാപുരം അത്തുക്കുറിച്ചിയില്‍ നിർമാണത്തൊഴിലാളിയായ വിഘ്നേഷിൻ്റെ മകൻ സഞ്ജയ് ആണ് കൊല്ലപ്പെട്ട കുട്ടിയെന്ന് രാധാപുരം പൊലീസ് തിരിച്ചറിഞ്ഞു. “സഞ്ജയ് രാവിലെ വീടിനടുത്ത് കളിക്കുകയായിരുന്നു. അവനെ ഒരു അംഗൻവാടിയിലേക്ക് കൊണ്ടുപോകാൻ അമ്മ രമ്യ തിരയുമ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്,” വൃത്തങ്ങൾ പറഞ്ഞു.

വിഘ്‌നേഷിന്റെ അയല്‍വാസി തങ്കമ്മാളാണ് പിടിയിലായത്. ഇന്ന് രാവിലെ മുതല്‍ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഷിങ് മെഷീനുള്ളില്‍ നിന്ന് മൃതദേഹം ലഭിച്ചത്. വിഘ്‌നേഷിനോടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ രാധാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ തങ്കമ്മാളിന്റെ വീട്ടിലേക്ക് കുട്ടി കയറി പോകുന്നത് കണ്ടുവെന്ന അയല്‍വാസികളുടെ മൊഴിയാണ് നിര്‍ണായകമായത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാക്കില്‍ കെട്ടി വാഷിങ് മെഷീനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. തങ്കമ്മാളിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

More Stories from this section

family-dental
witywide