’36 മണിക്കൂർ കഴിഞ്ഞു’; യുഎസ്-ഇന്ത്യ വിമാനത്തിൽ ലഗേജ് കയറ്റാൻ എയർ ഇന്ത്യ മറന്നുവെന്ന് യുവതി

വിമാനക്കമ്പനികളുടെ ചെറിയ പിഴവുകൾ ഒരു യാത്രയെ പേടിസ്വപ്നമാക്കി മാറ്റും. അടുത്തിടെ, ഒരു പിഎച്ച്‌ഡി സ്കോളർ ആയ ഒരു യുവതി എക്സിൽ പങ്കുവച്ച ഒരു യാത്രാനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ എയർ ഇന്ത്യ തന്റെ ലഗേജ് ലോഡ് ചെയ്യാൻ മറന്നുവെന്നും 40ഓളം തവണ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചതിന് ശേഷമാണ് എന്തെങ്കിലും പ്രതികരണം ഉണ്ടായതെന്നും അവർ പറഞ്ഞു.

ബെർക്ക്‌ലിയിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്‌ഡി വിദ്യാർത്ഥിനിയായ പൂജ കാതൈൽ ആണ്, ജൂലൈ 8 ന് വൈകുന്നേരം എക്സിൽ തന്റെ ദുരനുഭവം പങ്കുവച്ചത്. യുഎസിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിലാണ് താൻ കയറിയതെന്നും 36 മണിക്കൂർ ആയിട്ടും തന്റെ ലഗേജ് കിട്ടിയില്ലെന്നും പൂജ പറയുന്നു. 40ഓളം തവണ കസ്റ്റമർ കെയറിൽ വിളിച്ചു. അടുത്തദിവസം ഒരു കല്യാണത്തിനു പോകാനുണ്ടെന്നും ചടങ്ങിനിടാൻ പോലും തന്റെ കയ്യിൽ വസ്ത്രമില്ലെന്നും പൂജ പറഞ്ഞു.

വിമാനക്കമ്പനി ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. “പ്രിയപ്പെട്ട മിസ് കാതൈൽ, കാലതാമസത്തിനും താങ്കൾക്ക് നേരിട്ട അസൗകര്യത്തിലും ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ എയർപോർട്ട്/ബാഗേജ് ടീമുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിന് ദയവായി നിങ്ങളുടെ PNR, PIR കോപ്പി, ബാഗ് ടാഗ് എന്നിവ ഞങ്ങൾക്ക് മെസ്സേജ് ആയി അയക്കുക. വിവരങ്ങൾ അറിയിക്കാൻ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.”

പിന്നീട്, രാത്രി 10 മണിയോട് കൂടി, “ഇപ്പോഴും ഒരു വിവരവുമില്ല” എന്ന് പൂജ വീണ്ടും പോസ്റ്റ് ചെ്യതു. എയർ ഇന്ത്യ മറുപടിയുമായി എത്തി. “പ്രിയപ്പെട്ട മിസ് കാതൈൽ, ഞങ്ങൾ ഇതിനകം തന്നെ വിശദാംശങ്ങൾ ഞങ്ങളുടെ ബാഗേജ് ടീമിനെ അറിയിച്ചിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും നിങ്ങൾക്ക് അപ്‌ഡേറ്റ് നൽകാനും ഞങ്ങൾക്ക് കുറച്ച് സമയം അനുവദിക്കൂ.”