നിലമ്പൂര്‍: സ്വര്‍ണക്കട് കേസിൽ പ്രതികളായ സ്ത്രീകളെ പൊലീസുകാര്‍ ലൈംഗികമായി ഉപയോഗിച്ചെന്നു് പി.വി. അൻവർ എംഎൽഎ. ഉന്നത ഉദ്യോഗസ്ഥര്‍, ഡാന്‍സാഫ് ഉള്‍പ്പടെയുള്ളവര്‍ ആണ് സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ കെട്ടിട നിര്‍മാണത്തില്‍ മുന്‍ എസ്പി സുജിത് ദാസ് ഗുരുതര ക്രമക്കേട് നടത്തിയെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിവിധ മുതലാളിമാരില്‍ നിന്ന് പണപ്പിരിവ് നടത്തിയെന്നും ഇതിലൂടെ സുജിത് ദാസ് കോടികള്‍ ഉണ്ടാക്കിയെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വരാനുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും ഒരുപാട് സ്ത്രീകളെ ഉപയോഗിച്ച കാമഭ്രാന്തന്മാരാണ് ഇവരെന്നും അൻവർ പറഞ്ഞു. സ്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും പരാതിയുമായി മുന്നോട്ട് വരുന്ന ഇരകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘150 കോടിയുടെ അഴിമതി കേസ് പൊലീസ് അട്ടിമറിച്ചു. എന്നിട്ട് തന്റെ തലയിലേക്ക് ഇടുകയാണെന്നും അൻവർ ആരോപിച്ചു.
പൊന്നാനിയിലെ പീഡന പരാതിയില്‍ എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന് അൻവർ ചോദിച്ചു. “ഇതില്‍ കേസ് എടുക്കണം. പൊന്നാനിയിലെ കേസില്‍ ഇതുവരെ എഫ്‌ഐആര്‍ ഇട്ടില്ല. മുകേഷിനെതിരെ എഫ്‌ഐആര്‍ പൊലീസ് ഇട്ടല്ലോ. പൊലീസിന്റേത് തെറ്റായ നടപടിയാണ്. പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കാനാണ് മുകേഷിനെതിരെ കേസ് എടുത്തത്. അതില്‍ എഫ്‌ഐആര്‍ ഇട്ടവര്‍ക്ക് ഇതില്‍ എഫ്‌ഐആര്‍ ഇടാന്‍ വയ്യ,” അന്‍വര്‍ പറഞ്ഞു.
പൊലീസ് അനൗദ്യോഗികമായി അന്വേഷണം ആരംഭിച്ചെന്നും ഇപ്പോള്‍ തെളിവുകള്‍ ശേഖരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുജിത്ത് ദാസുമായി സംസാരിച്ച നാലു ശബ്ധരേഖകള്‍ ഡിഐജിക്ക് കൈമാറിയെന്നും അന്‍വര്‍ വ്യക്തമാക്കി.
ഒരു സ്ത്രീയില്‍ നിന്ന് 8 കിലോ സ്വര്‍ണം പിടിച്ചിട്ട് അത് മുഴുവന്‍ പൊലീസ് വിഴുങ്ങി. പി ശശിക്ക് എതിരെ പറഞ്ഞത് രാഷ്ട്രീയ ആരോപണങ്ങളാണ്. പൊലീസ് അന്വേഷിക്കുന്നത് ക്രിമിനല്‍ കേസുകളാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാട്സ്ആപ്പിലേക്ക് മുന്നൂറില്‍ അധികം കേസുകള്‍ വന്നിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.