ലോകം തിരഞ്ഞ ചോദ്യത്തിന് ഉത്തരം കിട്ടി, ‘സ്ത്രീ പൂവാണ്, വീട്ടുജോലിക്കാരിയല്ല’ ഖമൈനിക്ക് മറുപടിയായി ഇസ്രയേൽ പങ്കുവച്ച യുവതി, മഹ്സ അമിനി!

ടെൽ അവീവ്: സ്ത്രീകൾ ലോലമായ പുഷ്പങ്ങളെന്നും വീട്ടുജോലിക്കാരികളല്ലെന്നുമുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമൈനിയുടെ പ്രസ്താവനക്ക് ഇസ്രയേൽ മറുപടിയായി നൽകിയ ചിത്രത്തിലെ യുവതിയെ ഒടുവിൽ തിരിച്ചറിഞ്ഞു. ആയത്തുല്ല ഖമേനിയുടെ പോസ്റ്റിന് മറുപടിയുമായി ഇസ്രായേൽ രംഗത്തെത്തി. ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. കറുപ്പ് വസ്ത്രം ധരിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രത്തിന് ഇസ്രായേൽ പേരോ അടിക്കുറിപ്പോ നൽകിയില്ലായിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ലോകം ഈ പെൺകുട്ടി ആരെന്ന ചോദ്യമാണ് പങ്കുവച്ചത്.

ഇറാനിൽ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട മഹ്സ അമിനി എന്ന 22 കാരിയുടെ ചിത്രമാണ് ഇസ്രായേൽ പങ്കുവെച്ചതെന്നാണ് പിന്നീട് വ്യക്തമായത്. സഹോദരനൊപ്പം ടെഹ്റാനിലേയ്ക്ക് പോകുകയായിരുന്ന മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് (ഗാഷ്-ഇ എർഷാദ്) തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ടെഹ്‌റാനിലെ വോസാര തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ മഹ്‌സയെ ബലമായി വാനിൽ കയറ്റി മർദ്ദിച്ചെന്നാണ് ആരോപണം ഉയർന്നത്. തലയ്ക്ക് ഉൾപ്പെടെ മർദ്ദനമേറ്റ മഹ്സ കോമയിലാകുകയും മൂന്ന് ദിവസത്തിന് ശേഷം 2022 സെപ്റ്റംബർ 16 ന് മരണപ്പെടുകയും ചെയ്തു. ഇത് ഇറാൻ ഗവൺമെന്റിനെതിരെയുള്ള പ്രതിഷേധങ്ങൾക്കും ആഭ്യന്തര കലാപങ്ങൾക്കും കാരണമായി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വ്യാപകമായ കലാപമായി ഈ പ്രതിഷേധം വിലയിരുത്തപ്പെടുകയും ചെയ്തു.

https://twitter.com/khamenei_ir/status/1869371743858827555

അതേസമയം സ്ത്രീകളെ വീട്ടിലുള്ള പുഷ്പത്തെ പോലെയാണ് പരിപാലിക്കേണ്ടതെന്നും അല്ലാതെ വീട്ടുജോലിക്കാരിയെ പോലെയല്ലെന്നുമാണ് നേരത്തെ ഖമൈനി പറഞ്ഞത്. എക്സിൽ പങ്കുവെച്ച പോസ്റ്റുകളിലായിരുന്നു ഖമേനിയുടെ പ്രതികരണം. ‘കുടുംബത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളാണുള്ളത്. കുടുംബത്തിന്റെ ചെലവുകൾ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം പുരുഷൻമാർക്കാണ്. എന്നാൽ, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്ന ഉത്തരവാദിത്വം സ്ത്രീകൾക്കാണ്. ഇതിൽ ആരും ആർക്കും മുകളിലല്ല. പുരുഷൻമാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾ ഇവയുടെ അടിസ്ഥാനത്തിൽ കണക്കാക്കാനാകില്ല’ – എന്നാണ് ഖമൈനി എക്സിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേൽ മഹ്സ അമിനിയുടെ ചിത്രവുമായെത്തിയത്.

More Stories from this section

family-dental
witywide