ഷില്ലോങ്: 2047 ഓടെ വികസിത രാഷ്ട്രമായി മാറാനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ആത്മീയ മേഖലകളിൽ സ്ത്രീകളുടെ ശാക്തീകരണം അനിവാര്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. മേഘാലയയിൽ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളുമായി സംവദിക്കുകയായിരുന്നു രാഷ്ട്രപതി
അവർക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മാത്രമേ സ്ത്രീകളുടെ നേതൃത്വത്തിൽ വികസനം എന്ന ആശയം നടപ്പിലാക്കാൻ കഴിയൂ എന്നും മുർമു പറഞ്ഞു.
സാമ്പത്തിക സ്വാതന്ത്ര്യത്തോടെ, ഇത് ഒരു പരിധിവരെ യാഥാർത്ഥ്യമായി. സാമ്പത്തിക സ്വാശ്രയത്വം സ്ത്രീകളിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നും മുർമു പറഞ്ഞു.
പ്രതിരോധം, ശാസ്ത്രം, സാങ്കേതികം, കായികം, വിദ്യാഭ്യാസം, സംരംഭകത്വം, കൃഷി തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയിലെ സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിക്കുകയും മറ്റ് സ്ത്രീകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് മുർമു അടിവരയിട്ടു.