‘നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാനില്ല’; പ്രശാന്ത് കിഷോറിനെ തള്ളി കോണ്‍ഗ്രസ്

ന്യൂഡൽഹി: പാർട്ടിക്ക് ഘടനാപരമായ പിഴവുകളുണ്ടെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറുന്ന കാര്യം ആലോചിക്കണമെന്നുമുള്ള രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോറിന്റെ അഭിപ്രായത്തെ തള്ളി കോൺഗ്രസ്. നിരീക്ഷകരുടെ പരാമർശങ്ങളിൽ മറുപടി പറയുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയാതെ വന്നിട്ടും മാറി നില്‍ക്കാനോ മറ്റാര്‍ക്കെങ്കിലും പാര്‍ട്ടിയുടെ ചുമതല നല്‍കാനോ രാഹുലിന് സാധിച്ചിട്ടില്ലെന്നായിരുന്നു പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം.

‘നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാനില്ല. രാഷ്ട്രീയക്കാരെക്കുറിച്ച് സംസാരിക്കൂ. നിരീക്ഷകര്‍ക്കൊക്കെ എന്തിനാണ് മറുപടി കൊടുക്കുന്നത്?’ പ്രശാന്ത് കിഷോറിൻ്റെ പരാമർശങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു.

നിരവധി പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ വിജയകരമായ വോട്ടെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള പ്രശാന്ത് കിഷോർ, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ പ്രവർത്തനത്തിൽ “ഘടനാപരമായ” പിഴവുകൾ ഉണ്ടെന്നും അവ പരിഹരിക്കേണ്ടത് പാർട്ടിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും പറഞ്ഞിരുന്നു.

ഭരണകക്ഷിയായ ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്താനുള്ള നിരവധി അവസരങ്ങള്‍ പ്രതിപക്ഷം നഷ്ടപ്പെടുത്തിയെന്നും ക്രിക്കറ്റ് മത്സരത്തില്‍ ഫീല്‍ഡര്‍ ക്യാച്ച് നഷ്ടപ്പെടുത്തുകയും ആ ബാറ്റര്‍ സെഞ്ച്വറി നേടുകയും ചെയ്യുന്നതു പോലെയാണിതെന്നും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചിരുന്നു.




More Stories from this section

family-dental
witywide