വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ വ്യത്യാസ്ത പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്. സെക്സിൽ ഏർപ്പെടില്ല, ഡേറ്റിംഗും ചെയ്യില്ല എന്ന മുദ്രാവാക്യവുമായാണ് അമേരിക്കൻ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രംപ് അധികാരമേറ്റാല്‍ ഗർഭഛിദ്ര നിയമങ്ങളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുമെന്ന ഭയത്തിലാണ് സ്ത്രീകള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ഇതോടെയാണ് അമേരിക്കൻ സ്ത്രീകള്‍ ലൈംഗിക സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ വേറിട്ട പ്രതിഷേധ രീതി സോഷ്യല്‍മീഡിയയിലും ശ്രദ്ധേയമായിട്ടുണ്ട്.
കൊറിയൻ സ്ത്രീപക്ഷവാദികളടെ ‘4ബി മൂവ്‌മെന്റ് ‘ എന്ന പ്രതിഷേധരീതിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അമേരിക്ക പുതിയ രീതി സ്വീകരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ 2019ലാണ് 4ബി മൂവ്‌മെന്റ് ആരംഭിച്ചത്. രാജ്യത്തെ പുരുഷൻമാരുടെ ഏകാധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകള്‍ ഈ ആശയത്തിന് രൂപം നല്‍കിയത്. ഭിന്നലിംഗ ബന്ധങ്ങള്‍ പൂർണമായും അവഗണിക്കുകയായിരുന്നു സ്ത്രീകള്‍. നാല് കാര്യങ്ങളാണ് പ്രസ്ഥാനത്തിന്റെ വക്താക്കള്‍ മുന്നോട്ട് വച്ചത്. ട്രംപ് വിജയിച്ചാല്‍ ലൈംഗികതയില്‍ ഏർപ്പെടില്ല, ഡേറ്റിംഗിന് പോകില്ല, വിവാഹത്തിന് അനുമതി നല്‍കില്ല, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ല എന്നതായിരുന്നു ഇവരുടെ പ്രധാന സമരരീതികള്‍.
ഈ പ്രസ്ഥാനം വന്നതോടെ ദക്ഷിണ കൊറിയയിലെ ജനസംഖ്യയില്‍ ചെറിയ രീതിയിലുളള കുറവ് സംഭവിച്ചു. ഇത് സോഷ്യല്‍മീഡിയയിലും ലോകമൊട്ടാകെയും വലിയ രീതിയിലുളള ചർച്ചകള്‍ക്കും വഴിയൊരുക്കി. തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ സ്ത്രീകള്‍ക്കെതിരായിട്ടുളള നിരവധി നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കമല ഹാരിസണ്‍ പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വന്നാല്‍ ഗർഭഛിദ്രം പൂർണമായും തടയുമെന്നും സ്ത്രീകളുടെ സുരക്ഷയില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും കമല പറഞ്ഞു. കൂടാതെ സ്ത്രീകള്‍ക്കെതിരായി ട്രംപ് അടിക്കടി അധിക്ഷേപ പരാമർശങ്ങള്‍ നടത്തിയതും കടുത്ത വിമർശനങ്ങള്‍ക്ക് കാരണമായി.
തിരഞ്ഞെടുപ്പില്‍ കമല ഹാരിസണ്‍ പരാജയപ്പെട്ടതില്‍ ലിംഗ വിവേചനം ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കൻ സ്ത്രീകള്‍ ആരോപിക്കുന്നത്. ഒരു വനിത പ്രസിഡന്റ് ഉണ്ടാകുന്നത് അമേരിക്ക സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു. പുരുഷൻമാർ എപ്പോഴും സ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞ് ഒരു യുവതി കരയുന്ന വീഡിയോ ടിക്ക്‌ടോക്കില്‍ വൈറലായിരുന്നു.