വാഷിംഗ്ടണ്‍: വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അടുത്ത വര്‍ഷം ആദ്യം മുതല്‍ ജീവനക്കാരെല്ലാം ആഴ്ചയില്‍ അഞ്ച് ദിവസം ഓഫിസിലെത്തി ജോലി ചെയ്യേണ്ടി വരുമെന്ന ആമസോണ്‍ സിഇഒയുടെ പ്രഖ്യാപനത്തില്‍ ദുഖത്തിലായി ജീവനക്കാര്‍.
ജനുവരി രണ്ട് മുതല്‍ ജീവനക്കാരെല്ലാം ഓഫീസിലേക്ക് മടങ്ങണമെന്ന സിഇഒ ആന്‍ഡി ജാസ്സിയുടെ അറിയിപ്പ് എത്തിയതോടെ 73 ശതമാനം ജീവനക്കാരും രാജിവെക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബ്ലൈന്‍ഡ് എന്ന ജോബ് റിവ്യൂ സൈറ്റ് നടത്തിയ സര്‍വേയാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കമ്പനിയിലെ 2585 ജീവനക്കാരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.
തിരികെ ഓഫിസിലെത്താനുള്ള നിര്‍ദ്ദേശത്തില്‍ അതൃപ്തിയുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം പേരും അഭിപ്രായപ്പെട്ടു. കമ്പനി വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെയുള്ള തൊഴില്‍ സമയം ലഭ്യമാക്കിയതിനാല്‍ ഇവിടെ ജോലിക്ക് കയറി പലരുമുണ്ട്. കുട്ടികളെയും കുടുംബത്തെയുമൊക്കെ മാനേജ് ചെയ്യാന്‍ ഇത് വഴി കഴിഞ്ഞിരുന്നതായി സ്ത്രീകള്‍ അടക്കമുള്ളവര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു. ഓഫീസിലെത്തി ജോലി ചെയ്യാന്‍ കുടുംബമായി സ്ഥലം മാറി ഓഫിസിനടുത്ത് ചെന്ന് താമസം തുടങ്ങേണ്ടി വരുമെന്നും ആറ് മാസം കഴിയുമ്പോള്‍ പിരിച്ചു വിടില്ലെന്ന് എന്താണുറപ്പെന്നും അഭിപ്രായം ഉയര്‍ന്നു.