കണ്ണൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ നിധി കുംഭം ലഭിച്ചു; സ്വർണവും വെള്ളിയും മുത്തുകളും, പൊലീസ് കോടതിയിൽ ഹാജരാക്കി

കണ്ണൂർ, ശ്രീകണ്ഠപുരം പരിപ്പായി സർക്കാർ സ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മഴക്കുഴി കുത്തുകയായിരുന്ന തൊഴിലുറപ്പുകാർക്ക് നിധികുംഭം കിട്ടി. കണ്ണൂരിൽ ചോറ്റുപാത്ര ബോംബുകൾ കിട്ടുന്നത് പുതുമ അല്ലാത്തതിനാൽ തൊഴിലാളികൾ ആദ്യം കരുതിയത് ബോംബാണ് എന്നു തന്നെ. കിട്ടിയ പാത്രം പേടിച്ച് ദൂരേക്ക് വലിച്ചെറിയുകാണ് ആദ്യം ഇവർ ചെയ്തത്.

ഏറിൽ പാത്രം പൊട്ടി പുറത്തു വന്നത് സ്വർണവും വെള്ളിയും മുത്തുകളും. 13 സ്വർണ പതക്കങ്ങൾ, കാശുമാലയുടെ ഭാഗങ്ങൾ, 5 മോതിരങ്ങൾ, ഒരു ജോഡി കമ്മൽ, 13 മുത്തുകൾ, ഒട്ടേറെ വെള്ളി നാണയങ്ങൾ എന്നിവ ഉണ്ടായിരുന്നു അതിൽ . 18 പേരുടെ തൊഴിലുറപ്പ് സംഘമാണ് പണി ചെയ്തുകൊണ്ടിരുന്നത്. അവർ ഉടൻ തന്നെ പഞ്ചായത്തിൽ വിവരം അറിയിച്ചു.

പഞ്ചായത്ത് പൊലീസിനു കൈമാറി. പൊലീസ് പുരാവസ്തു വകുപ്പിനെ അറിയിക്കുകയും നിധി തളിപ്പറമ്പ് കോടതിക്ക് കൈമാറുകയും ചെയ്തു. നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും പണ്ട്കാലത്ത് സൂക്ഷിച്ചിരുന്ന മൂല ഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി കുംഭത്തിനുള്ളതെന്നും ഇതു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പുരാവസ്തു വകുപ്പ് അറിയിച്ചിട്ടുണ്ട്.

Workers got a Treasure Chest while digging a farmland in Kerala kannur

More Stories from this section

family-dental
witywide