സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ ലോക ഭൗമദിനം ആചരിച്ചു

സെബാസ്റ്റ്യൻ ആന്റണി

ന്യൂജഴ്സി: ന്യൂജഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ലോകഭൗമദിനം ആചരിച്ചു. ഫാ. ജോസഫ് അലക്‌സ് ഭൗമദിനാചരണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഇടവകാംഗങ്ങളും ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുത്തു. മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഇടവക സമൂഹം പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കൂടിയുള്ള ഒരു ഒത്തുചേരലായിരുന്നു ഇത്.

പച്ചക്കറിത്തോട്ടം വൃത്തിയാക്കലും കള പറിക്കലും മുതല്‍ നടുന്നതിനുള്ള തൈകള്‍ തയാറാക്കലും രസകരമായ ഒരു റോക്ക് പെയിന്റിംഗും വരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് ഈ ദിനത്തില്‍ നടത്തപ്പെട്ടത്.

ഇടവക വികാരി ഫാ. ടോണി പുല്ലുകാട്ടിന്റെ നേതൃത്വത്തില്‍ ട്രസ്റ്റിമാരും ഗ്രീന്‍ ആര്‍മി, കെയര്‍ ഫോര്‍ ക്രിയേഷന്‍ മിനിസ്ട്രി ആനിമേറ്റര്‍മാരും വര്‍ഷങ്ങളായി പരിസ്ഥിതി സംരക്ഷണത്തില്‍ സ്തുത്യര്‍ഹമായ ശ്രമങ്ങള്‍ ഇടവക തലത്തില്‍ സജീവമായി നടത്തിവരുന്നുണ്ട്. പാഴാക്കുന്ന ഭക്ഷണത്തില്‍നിന്നും കമ്പോസ്റ്റിംഗ്, ജൈവ പച്ചക്കറിത്തോട്ടം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഭൂമിയെ പരിപാലിക്കാനുള്ള ഇടവകയുടെ സഭയോട് ചേര്‍ന്നുള്ള ദൗത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയായിരുന്നു ഈ ദിനത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ ലോക ഭൗമദിന പ്രമേയമായ ‘പ്ലാനറ്റ് വേഴ്‌സസ് പ്ലാസ്റ്റിക്’ എന്ന വിഷയവുമായി യോജിച്ച് പ്ലാസ്റ്റിക്കില്‍ നിന്ന് ബയോഡീഗ്രേഡബിള്‍ പേപ്പര്‍ കപ്പുകളിലേക്കുള്ള മാറ്റം, റീഫില്‍ ചെയ്യാവുന്ന ഗ്ലാസ് ബോട്ടിലുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങള്‍ ദേവാലയത്തില്‍ സ്വീകരിച്ചു വരുന്നു.

ഈ നടപടികളിലൂടെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതിയില്‍ അതിന്റെ ദോഷകരമായ ഫലങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ബോധപൂര്‍വമായ ശ്രമത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ശരിയായ പുനരുപയോഗം, ഭക്ഷ്യ മാലിന്യങ്ങള്‍ കുറയ്ക്കല്‍, കമ്പോസ്റ്റിംഗ് തുടങ്ങിയ ലളിതവും എന്നാല്‍ ഫലപ്രദവുമായ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദൈവത്തിന്റെ സൃഷ്ടിയുടെ ഉത്തരവാദിത്ത പരിപാലനത്തിനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ അവ പ്രതിധ്വനിപ്പിക്കുന്നു.

ഭൗമദിനം ആഘോഷങ്ങള്‍ക്ക് ഗ്രീന്‍ ആര്‍മി കോഓര്‍ഡിനേറ്റര്‍മാരായ മത്തായി ചേന്നാട്ട്, ജോസ് അലക്‌സ്, ജോമോന്‍ സെബാസ്റ്റ്യന്‍, കെയര്‍ ഫോര്‍ ക്രിയേഷന്‍ കോഓര്‍ഡിനേറ്റര്‍മാരായ മരിയേല പയ്യപ്പിള്ളി, നിഷ അലക്‌സ്, തെരേസ ടോമി, ബിനോയ് സ്രാമ്പിക്കല്‍, സിബി കളപ്പുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.