
ലോകത്തിലെ ഏറ്റവും മോശം നേതാക്കളാൽ പോലും പറഞ്ഞ് പറ്റിക്കപ്പെടാൻ പാകത്തിന് ബുദ്ധിയേ ഉള്ളൂ ഡോണൾഡ് ട്രംപിനെന്ന് കമല ഹാരിസ്. ലോകനേതാക്കൾ ട്രംപിനെ നോക്കി ചിരിക്കുകയാണെന്നും കൂടെ ജോലി ചെയ്യുന്നവർ പോലും ട്രംപിനെ നാണക്കേടായാണ് കാണുന്നതെന്നും കമല ഹാരിസ് പറഞ്ഞു.
“ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. ലോക നേതാക്കൾ ഡോണൾഡ് ട്രംപിനെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ഞാൻ സൈനിക നേതാക്കളുമായി സംസാരിച്ചു, അവരിൽ ചിലർ നിങ്ങളോടൊപ്പം പ്രവർത്തിച്ചവരാണ്. അവർ പറയുന്നു നിങ്ങൾ ഒരു നാണക്കേടാണെന്ന്,” സംവാദത്തിനിടെ ട്രംപിന്റെ മുഖത്തു നോക്കിയായിരുന്നു കമലയുടെ പരിഹാസം.
“ഈ സ്വേച്ഛാധിപതികൾ നിങ്ങൾക്ക് വീണ്ടും പ്രസിഡൻ്റാകാൻ പിന്തുണ നൽകുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. കാരണം അവർക്ക് വളരെ വ്യക്തമാണ്, നിങ്ങളെ മുഖസ്തുതിയും ആനുകൂല്യങ്ങളും ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അവർക്കറിയാം. അതുകൊണ്ടാണ് നിങ്ങളുടെ കൂടെ പ്രവർത്തിച്ച നിരവധി സൈനിക നേതാക്കൾ നിങ്ങൾ ഒരു നാണക്കേടാണെന്ന് എന്നോട് പറഞ്ഞത്.”
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള ട്രംപിന്റെ കൂട്ടുകെട്ടിനെയും കമല ഹാരിസ് വിമർശിച്ചു. വേണ്ടിവന്നാൽ ഉച്ചയൂണിന് ട്രംപിനെ തന്നെ തിന്നാൻ മടിയില്ലാത്തയാളാണ് പുടിൻ എന്ന് കമല ആരോപിച്ചു.